മാലദ്വീപിലെ ഇന്ത്യക്കാർക്ക് തിരിച്ചടി: 12.5k നാട്ടിലേക്ക് അയക്കാവുന്ന വലിയതുക

Wednesday 22 October 2025 12:43 AM IST

വടക്കാഞ്ചേരി: മാലദ്വീപിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആറായിരത്തോളം ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയയ്ക്കാൻ കടുത്ത നിയന്ത്രണം. നാട്ടിലേക്ക് അയക്കാൻ കഴിയുന്ന പ്രതിമാസ തുക 150 യു.എസ് ഡോളറായാണ് (ഏകദേശം 12,500 രൂപ) വെട്ടിച്ചുരുക്കിയത്. നേരത്തെയത് 1000 ഡോളറായിരുന്നു. ദ്വീപിലെ വിദേശനാണ്യ കരുതൽ ശേഖരത്തിലെ കുറവ് മൂലമാണ് ഈ ക്രമീകരണം. ഒട്ടേറെ അദ്ധ്യാപകരടക്കം മാലദ്വീപിൽ ജോലി ചെയ്യുന്നുണ്ട്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഇത്രയും കുറഞ്ഞ തുകയിൽ നാട്ടിലെ കുടുംബച്ചെലവ് നടത്താനോ, വായ്പ തിരിച്ചടയ്ക്കാനോ, ലക്ഷങ്ങളുടെ വായ്പ തിരിച്ചടയ്ക്കാനോ ആകുന്നില്ല. വലിയ ശമ്പളം വാഗ്ദാനം ചെയ്താണ് റിക്രൂട്‌മെന്റ് ഏജൻസികൾ വഴി കേരളത്തിൽ നിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉദ്യോഗാർത്ഥികളെ എത്തിക്കുന്നത്. ജോലികളിലേറെയും 20,000 മാൽഡീവിയൻ റുഫിയ (എം.വി.ആർ.മാലദ്വീപ് കറൻസി ) ശമ്പളം ലഭിക്കുന്നവയാണ്. ഇന്ത്യൻ കറൻസിയുമായി താരതമ്യപെടുത്തുമ്പോൾ ഇത് ലക്ഷം രൂപയാണ്.

കത്തയച്ച് എം.പി

ഇത് സംബന്ധിച്ച് അദ്ധ്യാപകരടക്കമുള്ളവർ കെ.രാധാകൃഷ്ണൻ എം.പിക്ക് നിവേദനം നൽകി. നിയന്ത്രണം നീക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി ഡോ: എസ്.ജയശങ്കർ എന്നിവർക്ക് എം.പി കത്തയച്ചു. മാലദ്വീപ് സർക്കാരുമായി സംസാരിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.