രാഷ്ട്രപതിക്ക് പതിനെട്ടാം പടിയിൽ സ്വീകരണം
പത്തനംതിട്ട: ഇന്നു രാവിലെ 10.20ന് ഹെലിക്കോപ്ടറിൽ നിലയ്ക്കൽ എത്തുന്ന രാഷ്ട്രപതി മുർമുവിനെ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ പമ്പയിലേക്ക് ആനയിക്കും. 10.50ന് പമ്പയിലെത്തും. ത്രിവേണിയിൽ കാൽകഴുകി ശുദ്ധിവരുത്തും. ഇതിനായി ത്രിവേണി പാലത്തിന് സമീപം ജലസേചന വകുപ്പ് പ്രത്യേക സൗകര്യം ഒരുക്കി. ഇവിടെനിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലെത്തി ഇരുമുടിക്കെട്ട് നിറയ്ക്കും. 11.10ന് ഗൂർഖ എമർജൻസി വാഹനത്തിൽ സന്നിധാനത്തേക്ക് പുറപ്പെടും. അഞ്ച് വാഹനങ്ങളിലായി 20 അംഗ സംഘം അനുഗമിക്കും. 11.50ന് സന്നിധാനത്ത് എത്തും. പതിനെട്ടാം പടിക്കുമുന്നിൽ മന്ത്രി വി.എൻ.വാസവനും ദേവസ്വം ബോർഡ് ഭാരവാഹികളും ചേർന്ന് പൂർണകുംഭം നൽകി രാഷ്ട്രപതിയെ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് പതിനെട്ടാംപടി കയറും. 12.10ന് അയ്യപ്പദർശനം. ഉച്ചപൂജയും തൊഴുതശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ വിശ്രമിക്കും. മൂന്നിന് നിലയ്ക്കലേക്ക് മടങ്ങും. 4.20ന് ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക്. രാഷ്ട്രപതിക്കൊപ്പം ഗവർണർ രാജേന്ദ്ര ആർലേക്കർ, ഭാര്യ എന്നിവരും ശബരിമല യാത്ര നിശ്ചയിച്ചിരുന്നെങ്കിലും സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കി.