വായു മലിനീകരണം രൂക്ഷം ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാൻ സർക്കാർ
ഡബ്ല്യു.എച്ച്.ഒ അംഗീകരിച്ചതിനേക്കാൾ 15 ഇരട്ടി മോശം
ഏറ്റുമുട്ടി ബി.ജെ.പിയും ആം ആദ്മി പാർട്ടിയും
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ വായുമനിലീകരണം രൂക്ഷം. കൃത്രിമ മഴ പെയ്യിച്ച് വായു മലിനീകരണം കുറയ്ക്കാൻ തയ്യാറെടുക്കുകയാണ് ഡൽഹി സർക്കാർ. ഇന്നലെ ശരാശരി വായു ഗുണനിലവാവാര സൂചിക (എ.ക്യൂ.ഐ) 356 ആയി. ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ 15 ഇരട്ടി മോശമാണ്. കഴിഞ്ഞ വർഷം ദീപാവലിയുടെ പിറ്റേ ദിവസം എ.ക്യു.ഐ 359 ആയിരുന്നു. ഡൽഹിയിൽ അഞ്ചിടങ്ങളിൽ എ.ക്യൂ.ഐ 400 കടന്നതായി സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി) റിപ്പോർട്ടിൽ പറയുന്നു. ബവാന (427), വസീർപൂർ (408), അലിപൂർ (408), ജഹാംഗീർപുരി (407), ബുരാരി (402) എന്നിവിടങ്ങളിലാണിത്. കാലാവസ്ഥാ വകുപ്പിന്റെ അനുമതി ലഭിച്ചാൽ വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കും ഇടയിൽ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മൻജീന്ദർ സിംഗ് സിർസ അറിയിച്ചു. വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചു. എല്ലാം സജ്ജമാക്കി അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണം കുറഞ്ഞ ഹരിത പടക്കങ്ങളുടെ വിൽപ്പനയ്ക്ക് സുപ്രീംകോടതി ഇത്തവണ അനുമതി നൽകിയിരുന്നു. എന്നാൽ മറ്റ് പടക്കങ്ങളും വ്യാപകമായി വിൽക്കപ്പെട്ടു. സമയനിയന്ത്രണം ലംഘിച്ചുള്ള പടക്കം പൊട്ടിക്കലും മലിനീകരണത്തോത് കൂടുന്നതിന് കാരണമായി. അയൽസംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും ഇതിന് കാരണമാണ്. അതേസമയം, അരവിന്ദ് കേജ്‌രിവാളിന്റെ എ.എ.പി ഭരിക്കുന്ന പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് തുടരുന്നിടത്തോളം ഡൽഹിയിലെ വായുമലിനീകരണം തുടരുമെന്ന് ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു. എന്നാൽ ബി.ജെ.പി ഭരിക്കുന്ന ഡൽഹിയിൽ മലിനീകരണ നിയന്ത്രണം നടപ്പാക്കുന്നില്ലെന്ന് എ.എ.പി ആരോപിച്ചു. കൃത്രിമ മഴ പെയ്യിക്കുമെന്ന് പറഞ്ഞ സർക്കാർ എന്തുകൊണ്ട് ഇതുവരെ അത് ചെയ്തില്ലെന്ന് ഡൽഹി എ.എ.പി പ്രസിഡന്റ് സൗരഭ് ഭരദ്വാജ് ചോദിച്ചു. പൂജ്യത്തിനും 50നും ഇടയ്ക്കുള്ള വായുഗുണനിലവാര സൂചികയാണ് നല്ലതായി കണക്കാക്കുന്നത്. 51 - 100 തൃപ്തികരവും 101 - 200 മോശമല്ലാത്തുമാണ്. 201 മുതൽ 300 വരെ മോശവും 301 മുതൽ 400 വരെ വളരെ മോശവും. 400ന് മുകളിൽ ഗുരുതരവുമാണ്.
എ.എ.പി ചെയ്യുന്ന തെറ്റുകൾക്ക് ദീപാവലിയെ കുറ്റപ്പെടുത്തേണ്ടതില്ല. വൈക്കോൽ കത്തിക്കലാണ്
ഡൽഹി പുകമഞ്ഞിൽ മൂടാൻ കാരണം.
- അമിത് മാളവ്യ
ബി.ജെ.പി
ജനം രോഗികളാകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
സർക്കാർ സ്വകാര്യ ആശുപത്രികളുമായി ഒത്തുകളിക്കുകയാണ്
-സൗരഭ് ഭരദ്വാജ്
എ.എ.പി
ഡൽഹിക്ക് ഒന്നാം സ്ഥാനം
ലോകത്തിലെ വായുമലിനീകരണം ഏറ്റവും കൂടുതലുള്ള നഗരമായി ഡൽഹി. സ്വിറ്റ്‌സർലാൻഡിലെ ഐ.ക്യു.എയർ പുറത്തുവിട്ട മലിനീകരണം കൂടിയ നഗരങ്ങളുടെ പട്ടികയിലാണിത്. മുംബയ് അഞ്ചാം സ്ഥാനത്തും കൊൽക്കത്ത എട്ടാം സ്ഥാനത്തുമാണ്.
വായു മലിനീകരണം
കൂടിയ നഗരങ്ങൾ
ഡൽഹി, ഇന്ത്യ
ലഹോർ, പാകിസ്ഥാൻ
കുവൈറ്റ് സിറ്റി, കുവൈറ്റ്
കറാച്ചി, പാകിസ്ഥാൻ
മുംബയ്, ഇന്ത്യ
താഷ്‌കന്റ്, ഉസ്‌ബെകിസ്ഥാൻ
ദോഹ, ഖത്തർ
കൊൽക്കത്ത, ഇന്ത്യ
കാൻബെറ, ഓസ്‌ട്രേലിയ
ജക്കാർത്ത, ഇന്തോനേഷ്യ