തിരഞ്ഞെടുപ്പ് മുഖ്യം; നേതാക്കളുടെ വിദേശയാത്ര വിലക്കി എം.കെ.സ്റ്റാലിൻ
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡി.എം.കെ മന്ത്രിമാർ, എം.എൽ.എമാർ, ജില്ലാ സെക്രട്ടറിമാർ എന്നിവർ വിദേശയാത്ര നടത്തരുതെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശം. അടുത്ത വർഷമാണ് തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതുമുന്നിൽ കണ്ട് പാർട്ടിയെ സജ്ജമാക്കുന്നതിനായി, ചെന്നൈ അറിവാലയത്തിൽ പാർട്ടി ഭാരവാഹികളെ നേരിൽകണ്ട് നിർദ്ദേശങ്ങൾ നൽകി വരികയാണ് സ്റ്റാലിൻ. ഇതുവരെ 150ലധികം നിയമസഭാ മണ്ഡലം എക്സിക്യൂട്ടീവുകളെ അദ്ദേഹം കണ്ടു. കഴിഞ്ഞ നാലര വർഷത്തിനിടെ ഡി.എം.കെ സർക്കാർ ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവ ശരിയായി നടപ്പിലാക്കുകയും ചെയ്തു. എന്നാൽ, പാർട്ടിയുടെ എം.എൽ.എമാർ, മണ്ഡലം ചുമതലക്കാർ എന്നിവരെയെല്ലാം ശരിയായി ജനങ്ങളിൽ എത്തിച്ചിട്ടില്ലെന്നാണ് ഡി.എം.കെ നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതുകൊണ്ടാണ് വിദേശയാത്ര ഉൾപ്പെടെ ഒഴിവാക്കി മണ്ഡലത്തിൽ പ്രവർത്തിക്കാൻ സ്റ്റാലിൻ നിർദ്ദേശം നൽകിയത്. പാർട്ടിയുടെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചുമതലയുള്ള മന്ത്രിമാർ പരിഹരിക്കണം. ഈ മാസം അവസാനത്തോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണം. പൊതുജനങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തണം. ഓരോന്നും പരിഹരിക്കണം. ഇത് ചെയ്താൽ മാത്രമേ, പ്രതീക്ഷിച്ച വിജയം നേടൂ എന്ന് മുഖ്യമന്ത്രി നേതാക്കളെ അറിയിച്ചു.