ആദ്യ റാലിയിൽ ലാലുവിനെ ആക്രമിച്ച് നിതീഷ് കുമാർ

Wednesday 22 October 2025 1:07 AM IST

ന്യൂഡൽഹി: രാഷ്‌ട്രീയ എതിരാളിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ആക്രമിച്ച് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ. മുസാഫർപൂർ ജില്ലയിലെ മിനാപൂർ നിയോജകമണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെയാണ് സംസ്ഥാനത്ത് സ്ത്രീകൾ ഏറ്റവും കൂടുതൽ അവഗണന നേരിട്ടതെന്ന് നിതീഷ് പറഞ്ഞു. എന്നാൽ കാലിത്തീറ്റ കുംഭകോണത്തിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ അദ്ദേഹം ഭാര്യ റാബ്രി ദേവിയെ പിന്തുണയ്‌ക്കാൻ മറന്നില്ലെന്നും പരിഹസിച്ചു.

അതേസമയം തന്റെ സർക്കാർ വനിതാ ശാക്തീകരണത്തിൽ ഊന്നൽ നൽകിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. സ്വയം സഹായ ഗ്രൂപ്പുകളുടെ രൂപീകരണം, ഒരു കോടിയിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ 10,000 രൂപ വീതം നൽകിയ മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന എന്നിവ ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.

ആരോപണവുമായി

പ്രശാന്ത്

ബി.ജെ.പി സമ്മർദ്ദത്തെ തുടർന്ന് തന്റെ ജൻ സൂരജ് പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതായി പാർട്ടി നേതാവ് പ്രശാന്ത് കിഷോർ. ദനാപൂർ, ബ്രഹംപൂർ, ഗോപാൽഗഞ്ച് സീറ്റുകളിൻെ ജൻസൂരജ് സ്ഥാനാർത്ഥികളാണ് പിൻമാറിയത്. ജനാധിപത്യം കൊലചെയ്യപ്പെടുകയാണ്. രാജ്യത്ത് ഇത്തരമൊരു മാതൃക ഉണ്ടായിട്ടില്ലെന്നും സ്ഥാനാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ എം.എൽ.എമാരെ വേട്ടയാടുന്ന ബി.ജെ.പി സമീപനമാണ് ബിഹാറിലും നടപ്പാകുന്നത്. ബീഹാറിൽ യഥാർത്ഥ സഖ്യമോ ജനാധിപത്യമോ നിലവിലില്ല.