ഐ.സി.എ.ആർ ഡാറ്റാ ചോർച്ച: ഉദ്യോഗസ്ഥർക്കെതിരെ നടപടി
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ചിലെ (ഐ.സി.എ.ആർ) നിയമന, ഗവേഷണ പദ്ധതികൾ അടക്കം നിർണായക വിവരങ്ങൾ ചോർന്ന സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഐ.സി.എ.ആറിന് കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ അഗ്രികൾച്ചറൽ സ്റ്റാറ്റിസ്‌റ്റിക്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എ.എസ്.ആർ.ഐ) ഡയറക്‌ടർ രാജേന്ദ്ര പ്രസാദിനെ കാലാവധി തികയ്‌ക്കാൻ മൂന്നുദിവസം ബാക്കിയിരിക്കെ പദവിയിൽ നിന്ന് നീക്കി. അസിസ്റ്റന്റ് ഡയറക്ടർ ജനറൽ (പ്രോസസ് എൻജിനിയറിംഗ്) ഡോ. കൈറാം നർസയ്യയ്‌ക്ക് പകരം ചുമതല നൽകി. രാജേന്ദ്ര പ്രസാദിന്റെ കീഴിലെ ഐ.ടി യൂണിറ്റിന്റെ തലവനായിരുന്ന പ്രിൻസിപ്പൽ സയന്റിസ്റ്റ് കെ.കെ. ചതുർവേദിയെ ഐ.സി.എ.ആർ ആസ്ഥാനത്തേക്കും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം തലവനായ പ്രിൻസിപ്പൽ സയന്റിസ്റ്റ് സുദീപ് മർവാഹയെ ഭോപ്പാൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ എൻജിനിയറിംഗിലേക്കും (സി.ഐ.എ.ഇ) മാറ്റി.
2016 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ഐ.എ.എസ്.ആർ.ഐ ഡാറ്റാ സെന്ററിൽ നിന്നാണ് കഴിഞ്ഞ ജൂലായിൽ വിവരങ്ങൾ ചോർന്നത്. രാജ്യത്തുടനീളമുള്ള ഐ.സി.എ.ആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ വികസിപ്പിച്ച വെബ് ആപ്ലിക്കേഷനുകൾ ഹോസ്റ്റുചെയ്യുന്നതിനുള്ള സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നത് ഈ ഇൻസ്റ്റിറ്റ്യൂട്ടാണ്. വിവര ചോർച്ചയെ തുടർന്ന് ഐ.സി.എ.ആർ ഉന്നതതല സമിതി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.