കത്തോലിക്കാ സഭയ്ക്ക് 7 വിശുദ്ധർ കൂടി

Wednesday 22 October 2025 1:34 AM IST

വത്തിക്കാൻ സിറ്റി: വെനിസ്വേലയിലെ ജനപ്രിയ ഡോക്ടർ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് ഉൾപ്പടെ ഏഴ് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും വെനസ്വേലയിലെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകിയിരുന്ന ഡോ.ഹെർണാണ്ടസിനെ ജനങ്ങൾ വിശുദ്ധനായി കരുതിയിരുന്നു. വെനസ്വേലയിലെ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ മദർ കാർമൻ റെൻഡിലസ് മാർട്ടിനെയും വിശുദ്ധയായി പ്രഖ്യാപിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ, പാപ്പുവ ന്യൂഗിനിയയിൽ നിന്നുള്ള ആദ്യ വിശുദ്ധനായി പെദ്രോ ടു റോട്ടിനെ പ്രഖ്യാപിച്ചു. ബഹുഭാര്യത്വം നിലനിന്നിരുന്ന സമൂഹത്തിൽ ഏകഭാര്യത്വത്തിനായി വാദിച്ചതിൽ ജയിലിലടയ്ക്കപ്പെട്ട പെദ്രോ 1945ൽ ജയിലിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു. തുർക്കിയിൽ നിന്നുള്ള അർമേനിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പ് ഇഗ്നാസിയോ മലോയൻ, ഇറ്റലിയിൽ നിന്നുള്ള സിസ്റ്റർ വിൻസെൻസ മരിയ പൊളോണി, ഇക്വഡോറിൽ മിഷനറിയായിരുന്ന ഇറ്റലിക്കാരി സിസ്റ്റർ മരിയ ട്രൊൻകാറ്റി, ഇറ്റലിയിൽ നിന്നുള്ള അഭിഭാഷകൻ ബർത്തോളോ ലോങ്ങോ എന്നിവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവർ. അതിൽ പെദ്രോ ടു റോട്ട്, ഡോ.ഹെർണാണ്ടസ് എന്നിവരെ വിശുദ്ധരാക്കാൻ ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രിയിലായിരുന്നപ്പോൾ അനുമതി നൽകിയിരുന്നു.ചടങ്ങിൽ 70,000ത്തോളം പേർ പങ്കെടുത്തു.