ഫ്രഞ്ച് മുൻ പ്രസിഡന്റ് സർക്കോസി ഏകാന്ത തടവിൽ
പാരിസ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ പണം ഉപയോഗിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിക്ക് (70) അഞ്ചു വർഷത്തെ തടവ് ശിക്ഷ. 2007ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം സ്വീകരിക്കാനായി സർക്കോസി പദവി ദുരുപയോഗം ചെയ്തതെന്നു പാരിസ് കോടതി കണ്ടെത്തിയതിനെ തുടർന്നാണിത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി സഖ്യകക്ഷി നേതാവായിരുന്ന ഫിലിപ്പ് പെറ്റൈൻ 1945-ൽ രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ടതിനുശേഷം,ഒരു ഫ്രഞ്ച് മുൻ നേതാവും ജയിലിലടയ്ക്കപ്പെട്ടിട്ടില്ല.2007 മുതൽ 2012 വരെ കാലയളവിലാണ് സർക്കോസി പ്രസിഡന്റായിരുന്നത്.ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചെങ്കിലും, യാഥാസ്ഥിതിക വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള നേതാവാണ് സർക്കോസി.ജയിൽ ശിക്ഷക്കെതിരെ സർക്കോസി അപ്പീൽ നൽകിയിരുന്നുവെങ്കിലും തള്ളുകയായിരുന്നു.തനിക്ക് ലഭിച്ച ശിക്ഷയ്ക്ക് എതിരെ അവസാനം വരെ പോരാടുമെന്നും സർക്കോസി പറഞ്ഞു.ഭാര്യ കാർല ബ്രൂണി-സർക്കോസിയും നൂറുകണക്കിന് അനുയായികളും സർക്കോസിയെ ജയിലിലേക്ക് അനുഗമിച്ചു.പാരിസിലെ ലാ സാന്റെ ജയിലിലാണ് മുൻ പ്രസിഡന്റ് ഏകാന്ത തടവ് അനുഭവിക്കേണ്ടത്.സുരക്ഷാ കാരണങ്ങളാലാണ് ഏകാന്ത തടവിനുള്ള ചെറിയ സെല്ലിൽ അടച്ചതെന്നാണ് റിപ്പോർട്ട്. ലാ സാന്റയിലേക്കുള്ള യാത്രാമധ്യേ, ‘ഒരു നിരപരാധിയെ ജയിലിലടച്ചിരിക്കുകയാണ്’ എന്നു സർക്കോസി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു.