പറമ്പിൽ പാമ്പിനെ കണ്ടെന്ന് യുവാവ്; പിന്നാലെ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്നു

Wednesday 22 October 2025 7:14 AM IST

കോതമംഗലം: പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറഞ്ഞ് വയോധികയുടെ മാല മോഷ്‌ടിച്ചതായി പരാതി. എറണാകുളം കോതമംഗലം പുതുപ്പാടിയിലാണ് സംഭവം നടന്നത്. പുതുപ്പാടി സ്വദേശിനി വാഴാട്ടിൽ ഏലിയാമ്മയുടെ (82) മാലയാണ് യുവാവ് പൊട്ടിച്ച് കടന്നുകളഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാമ്പിനെ കാണിച്ച് തരാമെന്ന് പറഞ്ഞാണ് യുവാവ് ഏലിയമ്മയുടെ അടുത്തെത്തിയത്.

ഇന്നലെ വെെകുന്നേരമാണ് സംഭവം നടന്നത്. വെെകുന്നേരം വീട്ടിലേക്ക് എത്തിയ യുവാവ് ഏലിയാമ്മയുടെ പറമ്പിൽ പാമ്പിനെ കണ്ടെന്ന് പറയുകയായിരുന്നു. പാമ്പിനെ കാണിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവ് ഏലിയാമ്മയെ പുറത്തേക്ക് വിളിച്ചിറക്കി. പറമ്പിന്റെ ഒരു വശത്തേക്ക് പാമ്പ് പോയെന്നും ഇവിടെയുണ്ടെന്നെല്ലാം യുവാവ് പറഞ്ഞു.

ഏലിയാമ്മയുടെ ശ്രദ്ധമാറിയ സമയത്ത് യുവാവ് മാല പൊട്ടിച്ചുകൊണ്ട് ഓടുകയായിരുന്നു. ഒന്നര പവന്റെ മാലയാണ് കളവ് പോയത്. മാല പൊട്ടിക്കാനുള്ള ശ്രമത്തിൽ നിലത്ത് വീണ ഏലിയാമ്മയ്ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. വയോധികയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.