ഒപ്പം താമസിച്ച യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി, അറസ്റ്റിലായത് നഴ്‌സായ 26കാരി
മംഗളൂരു: ഹാേസ്റ്റലിലെ റൂംമേറ്റായ യുവതി വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത നഴ്‌സ് അറസ്റ്റിൽ. ചിക്കമംഗളൂരു സ്വദേശിനി നിരീക്ഷ എന്ന ഇരുപത്താറുകാരിയാണ് പിടിയിലായത്. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിക്കുമെന്ന് നിരീക്ഷ ഭീഷണിപ്പെടുത്തിയതായും യുവതി കദ്രി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അറസ്റ്റിലായ നിരീക്ഷ ഇപ്പോൾ റിമാൻഡിലാണ്. സംശയം തോന്നാത്തരീതിയിൽ വളരെ രഹസ്യമായാണ് ദൃശ്യങ്ങൾ പകർത്തിയിരുന്നത്.
അടുത്തിടെ ഉഡുപ്പി സ്വദേശിയായ എക്‌സ്റേ ടെക്‌നീഷ്യൻ മംഗളൂരുവിൽ ജീവനൊടുക്കിയിരുന്നു. ഹണിട്രാപ്പിനെത്തുടർന്നാണ് ഇതെന്നും സംഭവത്തിന് പിന്നിൽ നിരീക്ഷയ്ക്ക് പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. നിരീക്ഷയുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്നും സ്വകാര്യദൃശ്യങ്ങൾ പകർത്തി പണം തട്ടാൻ ശ്രമിച്ചെന്നും ഇയാളുടെ ആത്മഹത്യാക്കുറിപ്പിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഫാേൺസംഭാഷണം റെക്കോർഡ് ചെയ്ത് നിരവധിപേരിൽനിന്ന് നിരീക്ഷ പണംതട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നുണ്ട്. മാനക്കേട് ഭയന്നാണ് കൂടുതൽപ്പേരും പരാതി നൽകാൻ കൂട്ടാക്കാത്തത്.
നിരീക്ഷ ഹണിട്രാപ്പ് സംഘത്തിലെ കണ്ണിയാണെന്ന് വ്യക്തമായതോടെ ആ നിലയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഫോൺരേഖകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്ത് വിശദമായ അന്വേഷണം നടത്താനുളള ശ്രമത്തിലാണ് പൊലീസ്. നേരത്തേ ഒപ്പംതാമസിച്ചിരുന്ന യുവതികളുടെ ദൃശ്യങ്ങളും ഇത്തരത്തിൽ പകർത്തി പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ല.