ഭക്ഷണത്തിൽ മനുഷ്യപ്പല്ലുകൾ; തുടർ സംഭവങ്ങളിൽ ആശങ്കയിലായി ജനങ്ങൾ, അന്വേഷണം ആരംഭിച്ച് അധികാരികൾ

Wednesday 22 October 2025 12:40 PM IST

ജിലിൻ: റെസ്റ്റോറന്റുകളിൽ നിന്ന് വാങ്ങുന്ന ഭക്ഷണങ്ങളിൽ നിന്ന് കൃത്രിമ മനുഷ്യ പല്ലുകൾ കണ്ടെത്തുന്ന സംഭവങ്ങൾ തുടർക്കഥയാകുന്നു. ഇത് ജനങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കയും പ്രതിഷേധവും വർദ്ധിപ്പിക്കുന്നു . ചൈനയിലെ വടക്ക് കിഴക്കൻ പ്രവിശ്യയായ ജിലിനിലാണ് സംഭവം. ഒക്ടോബർ 13ന് ഒരു സ്‌ത്രീ തന്റെ കുട്ടിക്കായി വാങ്ങിയ സോസേജിനുള്ളിൽ നിന്ന് മനുഷ്യപ്പല്ലുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പരസ്പരം ചേർന്നിരിക്കുന്ന മൂന്ന് മനുഷ്യപ്പല്ലുകളാണ് സ്‌ത്രീക്ക് ലഭിച്ചത്. ഒരു ഔട്ട്ഡോർ സ്‌റ്റോളിൽ നിന്നുമാണ് അവർ ഗ്രിൽ ചെയ്ത സോസേജ് വാങ്ങിയത്. സ്‌റ്റോളിലെ ജീവനക്കാർ ആദ്യം സംഭവത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചെങ്കിലും അധികാരികളുടെ ഇടപെടലിനെ തുടർന്ന് പിന്നീട് ക്ഷമാപണം നടത്തി.

അതേ ദിവസം, തെക്കൻ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഡോങ്‌ഗുവാൻ സിറ്റിയിലും സമാന സംഭവമുണ്ടായി. തന്റെ പിതാവ് വാങ്ങിയ 'ഡിം സം' എന്ന ചൈനീസ് ഭക്ഷണത്തിനുള്ളിൽ നിന്ന്‌ രണ്ട് മനുഷ്യപ്പല്ലുകൾ ലഭിച്ചതായി ഒരു സ്‌ത്രീ പരാതിപ്പെട്ടു. ചൈനയിലെ റസ്‌റ്ററന്റ് ശൃംഖലയായ സഞ്ചിൻ സൂപ്പ് ഡംപ്ലിംഗ്സിന്റെ ഒരു പ്രാദേശിക റെസ്റ്റോ‌റന്റിൽ നിന്നാണ് 'ഡിം സം' വാങ്ങിയതെന്നും ആ പല്ലുകൾ തന്റെ പിതാവിന്റേതല്ലെന്നും സ്‌ത്രീ പറഞ്ഞു. കമ്പനിയുടെ ക്ലൗഡ് കിച്ചണിൽ നിന്നാണ് ഭക്ഷണം എത്തിയതെന്നും അതിൽ പല്ലുകൾ എങ്ങനെയെത്തിയെന്ന് വിശദീകരിക്കാൻ അവർക്കായില്ലെന്നും റെസ്‌റ്റോറന്റിലെ ജീവനക്കാർ പറഞ്ഞു.

തൊട്ടടുത്ത ദിവസം ഷാങ്ഹായിലെ ഒരു സാംസ് ക്ലബ് ഔട്ട്‌ലെറ്റിൽ നിന്ന് മറ്റൊരാൾ വാങ്ങിയ ജുജുബ്, വാൽനട്ട് കേക്കിൽ നിന്ന് ഒരു സ്ക്രൂ ഘടിപ്പിച്ച കൃത്രിമ മനുഷ്യപ്പല്ല് കിട്ടിയതായും റിപ്പോർട്ടുകളുണ്ട്. സാംസ് ക്ലബിന് 20-ലധികം ചൈനീസ് നഗരങ്ങളിലായി 50-ലധികം ശാഖകളുണ്ട്. ഉയർന്ന നിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുന്ന ഒരു കമ്പനിയായാണിത്. 520 ഗ്രാം തൂക്കമുള്ള ഒരു പലഹാരപ്പെട്ടിയുടെ വില നാല് ഡോളറാണ്. മാനേജ്മെന്റ് നഷ്ടപരിഹാരമായി 140 ഡോളർ വാഗ്ദാനം ചെയ്‌തെങ്കിലും ഉപഭോക്താവ് അത് നിരസിച്ചു.

ചൈനയിൽ ഭക്ഷണത്തിൽ നിന്നും കൃത്രിമ മനുഷ്യപ്പല്ലുകൾ കിട്ടുന്നത് ഇതാദ്യമല്ല. ഇതിനു മുൻപും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശങ്കയിലായ ജനങ്ങൾ പ്രതിഷേധവമായി രംഗത്തെത്തി. മനുഷ്യ മാംസം ചേരുവകളിൽ കലർത്തുന്നതിന്റെ ഫലമായാണോ ഇത്തരത്തിൽ സംഭവിക്കുന്നതെന്ന് പലരും ആശങ്കപ്പെടുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് അധികാരികൾ.