ചൈനയെ കടത്തിവെട്ടി ഇന്ത്യ, വ്യോമശക്തിയിൽ വൻ മുന്നേറ്റം; പുതിയ റാങ്കിംഗിൽ ഞെട്ടി ലോകം
ന്യൂഡൽഹി: ലോക വ്യോമശക്തി റാങ്കിംഗിൽ യുഎസ്, റഷ്യ വ്യോമസേനകൾക്ക് തൊട്ടുപിന്നിൽ ഇന്ത്യൻ വ്യോമസേന ഇടംപിടിച്ചു. വേൾഡ് ഡയറക്‌ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (ഡബ്ല്യുഡിഎംഎംഎ) പുറത്തുവിട്ട റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് പിന്നിലാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്ഥാനം. ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമസേനകളുടെ ശക്തി സമഗ്രമായി നിരീക്ഷിച്ചതിന് ശേഷമാണ് ഡബ്ല്യുഡിഎംഎംഎയുടെ ഈ റാങ്കിംഗ് തയ്യാറാക്കിയത്. എന്നാൽ ചൈന ഈ റാങ്കിംഗ് തള്ളിക്കളയുകയാണ് ചെയ്‌തത്. ഇന്ത്യയുടെ ഈ നേട്ടം മാദ്ധ്യമങ്ങൾ ആഘോഷമാക്കിയതിനെ അനാവശ്യ ഹൈപ്പ് എന്നാണ് ചൈന വിശേഷിപ്പിച്ചത്.
ആക്രമണങ്ങളിലെ വൈഭവം, ലോജിസ്റ്റിക്, പ്രത്യേക ദൗത്യങ്ങൾ, പൊതു പിന്തുണ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക വിമാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഡബ്ല്യുഡിഎംഎംഎ ട്രൂവൽ റേറ്റിംഗ് (ടിവിആർ) നൽകി റാങ്കിംഗ് നടത്തിയത്. അതനുസരിച്ച്, റാങ്കിംഗിൽ ഇന്ത്യക്ക് 69.4 എന്ന ടിവിആർ ലഭിച്ചപ്പോൾ ചൈനയ്ക്ക് 63.8 ടിവിആർ മാത്രമാണ് ലഭിച്ചത്. റാങ്കിംഗിൽ ആളില്ലാ വിമാനങ്ങളുടെ ശേഷി കണക്കിലെടുത്തിട്ടില്ല.
എന്നാൽ, ഈ റാങ്കിംഗ് ഗൗരവമായി കാണേണ്ട ആവശ്യമില്ലെന്ന് ചൈനയിലെ സൈനിക വിദഗ്‌ധനായ ഷാങ് ജുൻഷെ വാദിച്ചു. സൈനികരുടെ യുദ്ധക്കളത്തിലെ കഴിവുകളാണ് യഥാർത്ഥ താരതമ്യമെന്നും അല്ലാതെ പേപ്പറിൽ ഒതുങ്ങുന്ന ശക്തിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ-ചൈന മത്സരം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില ഗൂഢലക്ഷ്യങ്ങൾ റാങ്കിംഗിന് പിന്നിലുണ്ടെന്ന് ഷാങ് ആരോപിച്ചു. അത്തരമൊരു നീക്കം നല്ലതിനല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു രാജ്യത്തിന്റെ കൈവശമുള്ള വിമാനങ്ങളുടെ ആകെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കിയല്ല, "പ്രത്യേക-ദൗത്യം, ബോംബർ സേന, പരിശീലനം, ഓൺ-ഓൾഡർ യൂണിറ്റുകൾ" തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് വ്യോമശക്തി വിലയിരുത്തുന്നതെന്ന് ഡബ്ല്യുഡിഎംഎംഎ പറയുന്നു.