വാസ്തുവെന്ന പേരിൽ കേൾക്കുന്നതെല്ലാം ശരിയല്ല, ഇതാ ചില യാഥാർത്ഥ്യങ്ങൾ

Wednesday 22 October 2025 3:20 PM IST

വാസ്തുശാസ്ത്രത്തിന്റെ പേരിൽ പ്രചരിക്കുന്നത് പലതും കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമാണ്. ഓരോരുത്തരുടെ ഇഷ്ടം അനുസരിച്ച് ഓരോന്ന് പ്രചരിപ്പിക്കുന്നു. വാസ്തുശാസ്ത്രത്തെക്കുറിച്ച് നന്നായി അറിയുന്നവർ ആരും ഇത്തരം പ്രചരണങ്ങൾ നടത്തില്ല.

വീട്ടുമുറ്റത്തും സമീപത്തുമൊക്കെ ഏതൊക്കെ മരങ്ങൾ നടാം എന്ന് വാസ്തുശാസ്ത്രം വ്യക്തമായി പറയുന്നുണ്ട്. ഇതിന് തക്കതായ കാരണവും പറഞ്ഞിട്ടുണ്ട്. ഇത് മുതലെടുത്താണ് ചിലർ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത്. വീടുകളിൽ ചെമ്പകം ഒരുകാരണവശാലും നടരുത് എന്നതാണ് ഇതിൽ ഒന്ന്. ചെമ്പകം വീടിനെക്കാൾ ഉയരത്തിൽ വളർന്നാൽ വീട്ടിൽ ഉള്ളവർ മരിക്കും എന്നും അവർ പ്രചരിപ്പിക്കുന്നു.

വാസ്തുശാസ്ത്രത്തിൽ നാലുതരത്തിലുള്ള മരങ്ങളെക്കുറിച്ചാണ് പറയുന്നത്. അകത്തും പുറത്തും കാതൽ ഉള്ളവ, അകത്ത് മാത്രം കാതൽ ഉള്ളവ, പുറത്തുമാത്രം കാതൽ ഉള്ളവ,അകത്തും പുറത്തും കാതൽ ഇല്ലാത്തവ എന്നിവയാണവ. അവസാനം പറഞ്ഞതിലാണ് ചെമ്പകം ഉൾപ്പെടുന്നത്. അതിനാൽ അവ കാറ്റാേ മഴയോ ഉണ്ടായാൽ ഒടിഞ്ഞുവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ മരം വീടിനുമുളിലേക്ക് വീണാൽ വീട്ടിലുള്ളവർക്ക് ജീവഹാനിയുണ്ടാവാൻ സാദ്ധ്യതയുണ്ട്. അതുപോലെ വീടിനും നാശനഷ്ടമുണ്ടാകാം. ഇതുകാരണമാണ് വീടിനടുത്ത് ചെമ്പകം നടരുതെന്ന് പറയുന്നത്.

അശോകമരത്തെക്കുറിച്ചും ഇത്തരത്തിലുളള പ്രചാരണങ്ങളുണ്ട്. രാവണൻ തട്ടിക്കൊണ്ടുപോയപ്പോൾ സീത ഇരുന്നത് അശോക വനികയിൽ ആണെന്നും അതിനാൽ അശോകമരം വീട്ടിനടുത്ത് നട്ടാൽ വീട്ടിൽ എപ്പോഴും ദുഃഖം ഉണ്ടാവുമെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ഇതിൽ ഒട്ടും യാഥാർത്ഥ്യമില്ലെന്നാണ് സത്യം. സീതയ്ക്ക് വിരഹ ദുഃഖം സഹിക്കാൻ കഴിഞ്ഞത് അശോകവനികയിൽ ഇരുന്നതുകൊണ്ടാണ് എന്നതാണ് സത്യം. അശോകം എന്നാൽ ശോകമില്ലാത്തത് അഥവാ ദുഃഖം ഇല്ലാത്തത് എന്നാണ് അർത്ഥം. കൺകണ്ട ഔഷധമെന്നതിന് പുറമേ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അടക്കം പരിഹരിക്കാനും അശോകം നന്നാണ്.

വാസ്തുശാസ്ത്രത്തെ ദുരുപയോഗം ചെയ്ത് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഇനിയും നിരവധി ഉദാഹരണങ്ങൾ നിരത്താൻ കഴിയും. വാസ്തുവിനെക്കുറിച്ച് വ്യക്തമായി അറിവുള്ളയാളിൽ നിന്നുമാത്രം ഉപദേശം സ്വീകരിക്കുക.