ഏറ്റവും ഗുണം ഇന്ത്യൻ പ്രവാസികൾക്ക്; നൂറ്റാണ്ടുകൾ പഴക്കമുള്ള നിയമം നിർത്തലാക്കി സൗദി, ഇനി സുഖമായി തൊഴിലെടുക്കാം

Wednesday 22 October 2025 3:28 PM IST

റിയാദ്: പതിറ്റാണ്ടുകൾ പഴക്കമുള്ള കഫാല സംവിധാനം ഔദ്യോഗികമായി നിർത്തലാക്കി സൗദി അറേബ്യ. ഏഴ് പതിറ്റാണ്ടിലേറെയായി ദശലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തിൽ നിർണായക പങ്ക് വഹിച്ചിരുന്ന വിവാദപരമായ തൊഴിൽ സ്പോൺസർഷിപ്പ് സംവിധാനമായിരുന്നു ഇത്. രാജ്യത്തുടനീളം കുടിയേറ്റക്കാരുടെ ക്ഷേമവും തൊഴിൽ അവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് നടപടി. പുതിയ പ്രഖ്യാപനം ഏകദേശം 13 ദശലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. ഇതിൽ കൂടുതൽ നേട്ടവും തെക്കൻ ഏഷ്യയിൽ നിന്നുള്ളവർക്കും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ളവർക്കുമായിരിക്കും.

കഫാല

‌സ്‌പോൺസർഷിപ്പ് എന്നർത്ഥമുള്ള അറബിക് വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ പദമാണ് കഫാല. തൊഴിൽദാതാക്കളും കുടിയേറ്റ തൊഴിലാളികളും തമ്മിലുള്ള അധികാര വ്യത്യാസത്തിന്റെ പ്രതീകം കൂടിയാണിത്. ഗൾഫിലെ എണ്ണ സമൃദ്ധിയുടെ കാലത്ത് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കുന്നതിനായി 1950കളിൽ അവതരിപ്പിച്ചതാണ് ഈ സംവിധാനം. ഇതിൻപ്രകാരം ഓരോ പ്രവാസി തൊഴിലാളിയെയും ഒരു കഫീൽ അഥവാ പ്രാദേശിക സ്‌പോൺസറുമായി ബന്ധിപ്പിച്ചിരിക്കും. സൗദിയിൽ ഈ തൊഴിലാളിയുടെ താമസം, തൊഴിൽ, നിയമ വ്യവസ്ഥകൾ എല്ലാം നിയന്ത്രിക്കുന്നത് ഈ കഫീൽ ആയിരിക്കും.

കാലക്രമേണ കഫാല സംവിധാനം തൊഴിൽ പീഡനത്തിന്റെയും ചൂഷണത്തിന്റെയും പാതയായി മാറി. തൊഴിൽദാതാക്കൾ പ്രവാസി തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കുകയും അവരുടെ വേതനം പിടിച്ചുവയ്ക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുന്നത് പതിവായി. മാത്രമല്ല, തൊഴിലാളികൾക്ക് സഞ്ചാരസ്വാതന്ത്ര്യം പോലും നഷ്ടപ്പെടുകയും പലരും അടിമജീവിതം നയിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. കഫാല സംവിധാനത്തിന് കീഴിൽ തൊഴിലാളികൾക്ക് തൊഴിൽ മാറാനോ, മറ്റ് രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാനോ സ്‌പോൺസറിന്റെ അനുവാദമില്ലാതെ മറ്റ് അധികൃതരെ കാണാനോ സാധിക്കുമായിരുന്നില്ല. കഫാല സംവിധാനംമൂലം കൊടിയ പീഡനത്തിനിരയായ പല പ്രവാസികളും മരണപ്പെടുകയോ ജയിലിൽ അകപ്പെടുകയോ ചെയ്തു.

ആധുനിക അടിമത്വം എന്നാണ് മനുഷ്യാവകാശ സംഘടനകൾ കഫാല സംവിധാനത്തെ വിളിച്ചത്. തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങളും സംരക്ഷണങ്ങളും ഈ സംവിധാനം ഇല്ലാതാക്കുന്നതായും പലരും ചൂണ്ടിക്കാട്ടി. കഫാല സംവിധാനത്തിൽ ഏറ്റവും ചൂഷണം അനുഭവിച്ചിരുന്നത് സ്ത്രീ തൊഴിലാളികളായിരുന്നു. പലരും താമസയിടങ്ങളിൽ ഏകാന്ത തടവുകാരായി മാറുകയും വേതനമില്ലാതെ കഠിനമായി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തു.

സൗദി അറേബ്യയും പ്രവാസി തൊഴിലാളികളും

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), ഗ്ളോബൽ എൻജിഒകൾ, ഒട്ടനവധി വിദേശ സർക്കാരുകൾ തുടങ്ങിയവർ കഫാല സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന് കാലങ്ങളായി ആവശ്യപ്പെട്ട് വരികയായിരുന്നു. സ്‌പോൺസർഷിപ്പ് എന്ന പേരിൽ ഗൾഫ് രാജ്യങ്ങൾ നിർബന്ധിത തൊഴിലും മനുഷ്യക്കടത്തും പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ഇവർ ആരോപിച്ചത്.

സൗദി അറേബ്യയിൽ ഏകദേശം 13.4 ദശലക്ഷം കുടിയേറ്റ തൊഴിലാളികളാണുള്ളത്. രാജ്യത്തിന്റെ ജനസംഖ്യയിൽ 42 ശതമാനവും പ്രവാസി തൊഴിലാളികളാണ്. അതിനാൽതന്നെ നിർമാണം, കൃഷി, വീട്ടുജോലി എന്നിങ്ങനെ വിവിധ മേഖലകളിൽ കാലങ്ങളായി പ്രവാസികളെയാണ് സൗദി ആശ്രയിക്കുന്നത്. ഇതിൽ കൂടുതൽ തൊഴിലാളികളും ഇന്ത്യ, ബംഗ്ളാദേശ്, നേപ്പാൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുമുമ്പ് ഖത്തർ മുന്നോട്ടുവച്ച സുപ്രധാന തൊഴിൽ നിയമ മാറ്റങ്ങൾ ഉൾപ്പെടെ, വർഷങ്ങളായി അന്താരാഷ്ട്ര തലത്തിൽ ആവശ്യമുയർന്നതിന് പിന്നാലെയാണിപ്പോൾ കഫാല സംവിധാനം നിർത്തലാക്കാനുള്ള തീരുമാനം സൗദി സ്വീകരിച്ചിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളെ ബാധിക്കുന്നതെങ്ങനെ?

സൗദിയുടെ മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ 2030ലേക്കുള്ള പദ്ധതികളുടെ ഫലമായാണ് കഫാല സംവിധാനം നിർത്തലാക്കുകയെന്ന നിർണായക തീരുമാനമുണ്ടായിരിക്കുന്നത്. സൗദി സമൂഹത്തെ ആധുനികവത്കരിക്കുക, സമ്പത്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുക, ആഗോള പ്രശസ്തി മെച്ചപ്പെടുക എന്നിവയാണ് ലക്ഷ്യം.

പുതിയ കരാർ അധിഷ്ഠിത തൊഴിൽ സംവിധാനത്തിന് കീഴിൽ, കുടിയേറ്റ തൊഴിലാളികൾക്ക് ഇനിമുതൽ തൊഴിലുടമയുടെ അനുമതിയില്ലാതെതന്നെ ജോലി മാറാനുള്ള സ്വാതന്ത്ര്യം ലഭിക്കും. എക്സിറ്റ് വിസകളോ സ്പോൺസറുടെ സമ്മതമോ ഇല്ലാതെ രാജ്യം വിടാനും കഴിയും. ഇതോടെ തൊഴിൽ ചൂഷണങ്ങൾക്കും പണത്തട്ടിപ്പിനും കെണികൾക്കും മറ്റും അവസാനമാകുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, തൊഴിലാളികളെ ലേബർ കോടതികളെ സമീപിക്കാനും നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും നീതി തേടാനും അനുവദിക്കുന്നു.