'സര്‍ക്കാര്‍ ഇടപെടലിലൂടെ കായിക താരങ്ങള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു'; മന്ത്രി ജിആര്‍ അനില്‍

Wednesday 22 October 2025 4:55 PM IST

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഇടപെടലുകളുടെ ഫലമായി കായിക മേഖലയിലെ താരങ്ങള്‍ക്ക് മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചുവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. നെടുമങ്ങാട് പത്താംകല്ലില്‍ ഒരു കോടി രൂപ ചെലവഴിച്ച് പുതുതായി ആരംഭിക്കുന്ന ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക രംഗത്തേക്ക് കടന്നുവരുന്ന താരങ്ങള്‍ക്ക് ജോലി ഉൾപ്പെടെയുള്ള മികച്ച പ്രോത്സാഹനങ്ങളാണ് നമ്മുടെ സർക്കാർ നൽകുന്നത്. നിലവിലുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ മാതൃകയില്‍ കൗണ്‍സിലുകള്‍ രൂപപ്പെടുത്തി കൂടുതല്‍ ചെറുപ്പക്കാരെ പങ്കാളികളാക്കാനാണ് സര്‍ക്കാര്‍ ശ്രമം. പുതുതലമുറയെ ലഹരിക്ക് അടിമപ്പെടാതെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടി ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നെടുമങ്ങാട് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 65 സെന്റ് സ്ഥലത്താണ് ആധുനിക രീതിയില്‍ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. എല്ലാതരത്തിലുമുള്ള അടിസ്ഥാന സൗകര്യങ്ങളും സ്‌റ്റേഡിയത്തില്‍ ഉണ്ടാകും. പത്താംകല്ലില്‍ നടന്ന ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സിഎസ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ എസ് രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ എസ് ഷമീര്‍, സ്‌പോര്‍ട് കേരള ഫൗണ്ടേഷന്‍ ചീഫ് എന്‍ജിനീയര്‍ അനില്‍കുമാര്‍ പികെ തുടങ്ങിയവര്‍ പങ്കെടുത്തു.