27കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് കുടുംബം

Wednesday 22 October 2025 5:37 PM IST

കോഴിക്കോട്: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൈവേലിയിലാണ് സംഭവം. വയനാട് മേപ്പാടി സ്വദേശി കോട്ടത്തറ വയലിൽ വീട്ടിൽ പ്രിയ (27) ആണ് മരിച്ചത്. ഭർത്താവ് വിജിത്തിന്റെ കോഴിക്കോട് കൈവേലി ചമ്പിലോറക്കടുത്ത് വെള്ളിത്തിറയിലെ വീടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രിയയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രിയയും വിജിനും നാലുവർഷം മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. മരണമറിഞ്ഞ് കുറ്റ്യാടി പൊലീസ് ആശുപത്രിയിലെത്തി. പിന്നാലെ പൊലീസ് അറിയിച്ചതിനെത്തുടർന്ന് വടകര തഹസിൽദാറും സ്ഥലത്തെത്തി. തഹസിൽദാറിന്റെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

അതേസമയം, പ്രിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ് കുറ്റ്യാടി പൊലീസ്.