അങ്കമാലിയിലെ യുവതി പ്രസവിച്ചത് പെണ്‍കുഞ്ഞിനെ; ഭര്‍ത്താവ് കൊടിയ അന്ധവിശ്വാസി, പിന്നീട് സംഭവിച്ചത്

Wednesday 22 October 2025 7:24 PM IST

കൊച്ചി: പ്രസവത്തിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടിവന്നത് കൊടും പീഡനം. എറണാകുളം അങ്കമാലിയിലാണ് സംഭവം. യുവതി പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ് എന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവ് യുവതിയെ ഉപദ്രവിച്ചത്. കുട്ടി ജനിച്ച് ഒരു മാസം പോലും പിന്നിടുന്നതിന് മുമ്പ് തന്റെ ഭാര്യയെ ഇയാള്‍ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഭര്‍ത്താവ് അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് വിവരം. തനിക്ക് നേരിടേണ്ടിവന്ന പീഡനത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് യുവതി പ്രതികരിച്ചു.

യുവതിയുടേയും കുടുംബത്തിന്റേയും പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോകുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2020ല്‍ ആയിരുന്നു വിവാഹം. ഒരു വര്‍ഷത്തിന് ശേഷം കുഞ്ഞ് ജനിക്കുകയും ചെയ്തു. പെണ്‍കുഞ്ഞായതിന്റെ പേരില്‍ ഇയാള്‍ പ്രസവ ശുശ്രൂഷയില്‍ കഴിയുമ്പോള്‍ തന്നെ ഉപദ്രവിച്ചു. കട്ടിലില്‍ നിന്ന് താഴേക്ക് വലിച്ച് ഇടുകയും തല ഭിത്തിയില്‍ ചേര്‍ത്ത് ഇടിക്കുകയും ഉള്‍പ്പെടെയുള്ള ഉപദ്രവത്തിന് താന്‍ വിധേയയായെന്നാണ് യുവതി പറയുന്നത്.

യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെടുന്നതും ഭര്‍ത്താവ് വിലക്കിയിരുന്നു. അവരുമായി സംസാരിക്കാതിരിക്കാന്‍ വീട്ടുകാര്‍ വാങ്ങി നല്‍കിയ മൊബൈല്‍ ഫോണുകള്‍ ഒന്നിലധികം തവണ ഇയാള്‍ തല്ലി പൊട്ടിച്ചിരുന്നു. വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ ദോഹോപദ്രവമേല്‍പിച്ചായും യുവതി പരാതിയില്‍ വ്യക്തമാക്കി. കുഞ്ഞിനേയും ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നതായും യുവതി പറഞ്ഞു. ഒരിക്കല്‍ തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം അപസ്മാരം വന്നതാണെന്ന് ഇയാള്‍ ആശുപത്രി അധികൃതരോട് കള്ളം പറയുകയും ചെയ്തുവെന്നും യുവതി പറയുന്നു.