പാറശാലയിലെ സ്റ്റേഡിയങ്ങളുടെ നിർമ്മാണോദ്ഘാടനം
വെള്ളറട: കായിക മേഖലയിൽ യുവതലമുറക്ക് മികച്ച പരിശീലന സൗകര്യം ഉറപ്പുവരുത്തുന്നതിനുവേണ്ടി സംസ്ഥാന സർക്കാർ ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിക്ക് രൂപം നൽകിയതിന്റെ ഭാഗമായി പാറശാല നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നു. സംസ്ഥാന കായികവകുപ്പിന്റെ 50 ലക്ഷവും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള 50 ലക്ഷവും ചേർത്ത് ഒരുകോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. മണ്ഡലത്തിലെ പെരുങ്കടവിള, ആയിരൂർ ഗവ.എൽ.പി.എസ് സ്റ്റേഡിയം, കൊല്ലയിൽ പഞ്ചായത്തിലെ മഞ്ചവിളാകം സ്റ്റേഡിയം, പാറശാല പഞ്ചായത്തിലെ കലാഗ്രാമം സ്റ്റേഡിയം എന്നിവയും സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിന്റെ ഫലമായി സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ അമ്പൂരി കുട്ടമല ഗവ.യു.പി.എസ് സ്റ്റേഡിയം, ഒറ്റശേഖരമംഗലം കുറ്ററ സ്റ്റേഡിയം, ധനുവച്ചപുരം ഗവ.ഗേൾസ് ഹൈസ്കൂൾ സ്റ്റേഡിയം, കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയം, ചെമ്പൂര് ഡി.അംബ്രോസ് മെമ്മോറിയൽ സ്റ്റേഡിയം എന്നിവയാണ് ഒരുക്കുന്നത്.
ചെമ്പൂര് ബഥേൽ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ആര്യങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവീത് കുമാർ, പാറശാല പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ, ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, ജിവ്വ പഞ്ചായത്ത് അംഗം രാധിക ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.