നടുക്കടലിൽ കടലമ്മയോട് കഥ പറഞ്ഞ് ജ്യോതി
വിഴിഞ്ഞം: ഉൾക്കടലും,ഓളം തള്ളുന്ന ബോട്ടും...സാധാരണ സ്ത്രീകളെ ഭയപ്പെടുത്തുമെങ്കിലും ജ്യോതിക്ക് അത് ആവേശമായിരുന്നു.ഉൾക്കടലിൽപ്പോയി മീൻപിടിക്കണമെന്ന സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് പൂന്തുറ ചേരിയാമുട്ടം സ്വദേശിയായ ജ്യോതി.ആദ്യമായാണ് ഒരു സ്ത്രീ വിഴിഞ്ഞത്ത് നിന്ന് ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്നത്. 38കാരിയായ ജ്യോതി കഴിഞ്ഞ ദിവസമാണ് കടലിൽ പോയത്.
ചെറുപ്രായത്തിൽ തന്നെ കടലിൽ നീന്തൽ പഠിച്ചിട്ടുള്ളതിനാൽ കടൽ പേടിയില്ല.മാതാവിനോടൊപ്പം മത്സ്യക്കച്ചവടം നടത്തുന്നുമുണ്ട്.അങ്ങനെയാണ് മീൻ പിടിക്കാൻ ആഗ്രഹം തോന്നുന്നത്.പരിചയക്കാരായ വള്ളക്കാരോട് ആഗ്രഹം പറഞ്ഞു.അവർ കടലിനെക്കുറിച്ചും മത്സ്യബന്ധനത്തെക്കുറിച്ചും പറഞ്ഞ് മനസിലാക്കിയെങ്കിലും പിന്മാറിയില്ല. പിന്നെ തൊഴിലാളികൾ ഒപ്പം കൂട്ടുകയായിരുന്നു.
വിഴിഞ്ഞത്ത് നിന്ന് എൻജിൻ ഘടപ്പിച്ച വള്ളത്തിലാണ് കടലിൽ പോയത്.എകദേശം രണ്ട് മണിക്കൂറിലേറെ കടലിൽ സഞ്ചരിച്ച ശേഷമാണ് തിരികെയെത്തിയത്.ഇതിനിടയിൽ എൻജിനും ഓടിച്ച് ഒരു കൈ നോക്കി.
കടലിന്റെ ഓളങ്ങളിൽ പതറിയില്ലെങ്കിലും മറ്റ് തൊഴിലാളികളുടെ കഷ്ടപ്പാട് കണ്ട് മനസ് നൊന്തുവെന്ന് ജ്യോതി പറയുന്നു.തൊഴിലാളികൾക്കൊപ്പം ചൂണ്ടയിട്ടപ്പോൾ,ആദ്യമായി കിട്ടിയത് പുള്ളിക്കലവയായിരുന്നു.ചെറിയ മീനായതിനാൽ ഇതിനെ തിരികെ കടലിലേക്ക് വിട്ടു.പൂന്തുറയിൽ മത്തിക്കര എന്ന പേരിൽ ഓൺലൈൻ മത്സ്യക്കച്ചവടവും ജ്യോതി നടത്തുന്നുണ്ട്.