വിളപ്പിൽശാല പൊതുമാർക്കറ്റിൽ 'മാലിന്യമല'
മലയിൻകീഴ്: വിളപ്പിൽശാല പൊതുമാർക്കറ്റ് മാലിന്യ ശേഖരണത്തിനുള്ള ഇടമായി മാറുന്നു. പഞ്ചായത്തിലെ ഇരുപത് വാർഡുകളിൽ നിന്ന് ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക്, ഇരുമ്പ്, കുപ്പിച്ചില്ല് തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണായി മാറിയിരിക്കുകയാണ് വിളപ്പിൽശാല പൊതുമാർക്കറ്റ്. ശേഖരിക്കുന്ന മാലിന്യങ്ങൾ നേരത്തെ മാസങ്ങൾ കഴിയുമ്പോൾ രണ്ട് ഘട്ടങ്ങളിലായി ക്ലീൻകേരളയുടെ വാഹനമെത്തി നീക്കം ചെയ്യുമായിരുന്നു. എന്നാലിപ്പോൾ മാലിന്യമലയായിട്ടും നീക്കം ചെയ്യാതെ കിടക്കുകയാണ്.
മലയോര മേഖലകളിൽ നിന്ന് വരെ വിവിധ ഇനം പച്ചക്കറികൾ,കിഴങ്ങുവർഗങ്ങൾ,പഴവർഗങ്ങൾ എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി നിരവധി പേരാണ് ഈ പൊതുമാർക്കറ്റിലെത്തുന്നത്. മാർക്കറ്റിലെത്തുന്നവർക്ക് സാധനങ്ങൾ വിൽക്കാനാകാത്ത വിധത്തിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ദുർഗന്ധവുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യനീക്കം നടന്നാലുടൻ അതിന്റെ ഇരട്ടിയോളം മാലിന്യങ്ങളാണ് ചാക്കുകളിലാക്കി അടുത്ത ദിവസങ്ങളിൽ ഇവിടെ കൊണ്ടുതള്ളുന്നത്.
ഇഴജന്തുക്കളുടെ ശല്യവും
മാർക്കറ്റിനുള്ളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് നിന്നുതിരിയാൻ പോലും ഇടമില്ല. കച്ചവടക്കാർക്ക് നൽകിയിട്ടുള്ള കടമുറികളിൽ പോലും മാലിന്യം കുന്നുകൂട്ടിയിട്ടിരിക്കുന്നു. ഈച്ചയും കൊതുകിനും പുറമേ എലി,പാമ്പ്,പഴുതാര വരെ മാലിന്യ ചാക്കുകെട്ടുകൾക്കിടയിൽ താവളമാക്കിയിട്ടുണ്ട്. പൊതുമാർക്കറ്റിനുള്ളിലെ വിശ്രമ കേന്ദ്രത്തിന്റെ വഴിയടച്ചാണ് നൂറിലേറെ ചാക്കുകളിൽ മാലിന്യം തള്ളിയിരിക്കുന്നത്.
സാംക്രമിക രോഗഭീഷണി
പൊതുമാർക്കറ്റിനു സമീപമാണ് ആയുഷ് മന്ത്രാലയത്തിന്റെ ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത്. നിത്യവും നിരവധി പേർ ചികിത്സതേടി എത്തുന്നുണ്ടിവിടെ. എന്നാൽ ആശുപത്രിയിലെത്തുന്നവർക്ക് ദുർഗന്ധവും കൊതുക് ശല്യവുമുണ്ടത്രേ. പ്രദേശത്ത് സാംക്രമിക രോഗ ഭീഷണിയുമുണ്ട്.
ഹരിത കർമ്മസേന ശേഖരിക്കുന്ന
മാലിന്യം മാക്കറ്റിനുള്ളിൽ
ഹരിത കർമ്മസേന വീടുകളിൽ നിന്ന് മാസം 50 രൂപയും, വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് 100 രൂപയും ഈടാക്കി ശേഖരിക്കുന്ന മാലിന്യങ്ങളാണ് മാർക്കറ്റിനുള്ളിൽ കൂട്ടിയിരിക്കുന്നത്. ഇവ നീക്കം ചെയ്യുന്നതിന് കരാർ നൽകിയിട്ടുള്ള ക്ലീൻകേരള കൃത്യത പാലിക്കാത്തതാണ് മാർക്കറ്റ് 'കുപ്പത്തൊട്ടി'യാകാൻ കാരണമെന്ന് കച്ചവടക്കാരും നാട്ടുകാരും പറയുന്നു. മലയിൻകീഴ്,മാറനല്ലൂർ,വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലും മാലിന്യനിക്ഷേപം വ്യാപകമായിട്ടുണ്ട്.