ചിത്രീകരണം അടുത്തവർഷം, മധു സി. നാരായണൻ ചിത്രത്തിൽ നസ്ളൻ
മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്ളൻ നായകൻ. തുടരും എന്ന ചിത്രത്തിന്റെ കഥാകൃത്തും സഹകഥാകൃത്തുമായ കെ.ആർ. സുനിൽ ആണ് കഥ എഴുതുന്നത്. ശ്യാം പുഷ്കരനും മുഹ്സിൻ പരാരിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം, അന്ന ബെൻ, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് ആണ് മധു സി. നാരായയണന്റെ ആദ്യ സംവിധാന സംരംഭം. കുമ്പളങ്ങി നൈറ്റ്സിന്റെ തിരക്കഥ ശ്യാം പുഷ് കരൻ ആണ് ഒരുക്കിയത്. അതേസമയം ലോക : ചാപ്ടർ 1 : ചന്ദ്ര നേടുന്ന ചരിത്ര വിജയം നസ്ലന്റെ കരിയറിൽ ഗംഭീര പ്രോജക്ടുകളിലേക്ക് എത്തിക്കുന്നത് തുടരുന്നു. അഭിനവ് സുന്ദർ നായ്ക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് ആണ് നസ്ളന്റെ പുതിയ പ്രോജക്ട്. സിനിമയ്ക്കുള്ളിലെ സിനിമയാണ് മോളിവുഡ് ടൈംസ്. ആസിഫ് അലി നായകനായി രോഹിത് വി ,എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ടോർപ്പിഡോയിൽ ഫഹദ് ഫാസിൽ, ഗണപതി, തമിഴ് നടൻ അർജുൻ ദാസ് എന്നിവരോടൊപ്പം നസ്ലൻ അഭിനയിക്കുന്നുണ്ട്.
മമ്മൂട്ടി- ഖാലിദ് റഹ്‌മാൻ ചിത്രം ആണ് മറ്റൊരു പ്രോജക്ട്. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്ത മധുരാജ സിനിമയിൽ ആൾക്കൂട്ടത്തിലൊരാളായി പ്രത്യക്ഷപ്പെട്ടാണ് നസ്ലൻ വെള്ളിത്തിരയിൽ എത്തുന്നത്.