മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു
Thursday 23 October 2025 1:22 AM IST
വിഴിഞ്ഞം: കഴിഞ്ഞ ദിവസത്തെ മഴയിൽ അടിമലത്തുറയിൽ ഓടുമേഞ്ഞ വീടിന്റെ മേൽക്കുര തകർന്നു. ശബ്‌ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി.അടിമലത്തുറ അമ്പലത്തിൻമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം ലൂർദ് മേരിയുടെ വീടാണ് തകർന്നത്. രാത്രി ഉറക്കത്തിനിടെ ഓടു വീഴുന്ന ശബ്ദം കേട്ട് ലൂർദ് മേരി ഭർത്താവ് പനിയടിമയെയും മക്കളായ കൊച്ചു ത്രേസ്യ,ജോബിൻ എന്നിവരെ വിളിച്ചുണർത്തി പുറത്തേക്കോടിയതിനു പിന്നാലെ മേൽക്കുര വലിയ ശബ്ദത്തോടെ തകർന്നു.വീട്ടുപകരണങ്ങളുൾപ്പെടെ നശിച്ചു. മാതാവ് കഴിയുന്ന സമീപത്തെ വീട്ടിലാണ് തങ്ങൾ അഭയം തേടിയിരിക്കുന്നതെന്നും വില്ലേജ് ഓഫീസർക്കു പരാതി നൽകിയതായും ലൂർദ് മേരി പറഞ്ഞു.