കാഞ്ഞിരോട് സാംസ്‌കാരിക നിലയത്തിന് 96 ലക്ഷം
Wednesday 22 October 2025 9:49 PM IST
കണ്ണൂർ: കാഞ്ഞിരോട് സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 96 ലക്ഷത്തിന്റെ ഭരണാനുമതിയായി. പ്രവൃത്തി ഉദ്ഘാടനം നവംബർ നാലിന് രാവിലെ 9.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. മുൻ എം.പി കെ.കെ.രാഗേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ടി.ശശി എന്നിവർ പങ്കെടുക്കും.മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനു സമീപം റവന്യുവകുപ്പിൽ നിന്നും കാഞ്ഞിരോട് പൊതുജനവായനശാലയ്ക്ക് ലഭ്യമായ സ്ഥലത്താണ് സാംസ്‌കാരിക നിലയം സ്ഥാപിക്കുന്നത്. ഹൈടെക് വായനശാലയും ഗ്രന്ഥാലയവും മിനി കോൺഫറൻസ് ഹാളും സാംസ്‌കാരിക നിലയത്തിൽ പ്രവർത്തിക്കും.