പ്രണയത്തിന്റെ 'താജ്മഹൽ' ഇനി ബെറ്റിയുടേയും സ്മാരകം
ആലപ്പുഴ: ''താജ്മഹൽ ഒരുക്കിയ ഷാജഹാന്റെ അതേ വികാരത്തോടെയാണ് ഞാനും രവി കരുണാകരൻ സ്മാരകമൊരുക്കിയത്.അദ്ദേഹത്തോടുള്ള പ്രണയം വാക്കുകൾക്കതീതമാണ്...'' ബെറ്റി കരൺ കേരളകൗമുദിയോട് ഒരിക്കൽ പറഞ്ഞതാണിത്. മൺമറഞ്ഞുപോയ ഭർത്താവിന്റെ ഓർമ്മ എക്കാലവും നിലനിൽക്കണമെന്ന തീവ്ര ആഗ്രഹത്തോടെ ആലപ്പുഴയിൽ സ്മാരകമൊരുക്കിയ കരൺ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർപേഴ്സണും, പ്രമുഖ കയർ വ്യവസായി രവി കരുണാകരന്റെ ഭാര്യയുമായ ബെറ്റി കരൺ (സുഭദ്ര കരണാകരൻ -88) ഓർമ്മയാകുമ്പോൾ ബാക്കിയാകുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രണയസ്മാരകമാണ്.
ഭർത്താവിന്റെ വിയോഗം സൃഷ്ടിച്ച വേദനമറക്കാൻ 2006ൽ ബെറ്റി ഒരുക്കിയതാണ് ആലപ്പുഴ നഗരഹൃദയത്തിലെ രവി കരുണാകരൻ മ്യൂസിയം.പ്രധാന കെട്ടിടവും അനുബന്ധസംവിധാനങ്ങളുമടകം 48,000 സ്ക്വയർ ഫീറ്റാണ് മ്യൂസിയം.താജ്മഹലിനെ ഓർമ്മിപ്പിക്കുന്ന ഇരുനില മ്യൂസിയത്തിൽ കോടികൾ വിലമതിക്കുന്ന അപൂർവശേഖരങ്ങളാണ് ബെറ്റി സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സഞ്ചാരികൾ ഇതിനകം സ്മാരകം സന്ദർശിച്ചുകഴിഞ്ഞു.
18ാം വയസിലാണ് കൊല്ലം പരവൂർ സ്വദേശിനി ബെറ്റി, രവി കരുണാകരന്റെ ഭാര്യയായി ആലപ്പുഴയിലെത്തിയത്. മുൻവാതിലില്ലാത്ത വീട്ടിലേക്കാണ് അവർ വന്നത്. അവസാന കാലം വരെയും വീട്ടിൽ പ്രധാനവാതിൽ ഘടിപ്പിക്കാതെ അതിഥികളെ സ്വീകരിച്ചിരുന്നു ബെറ്റി. രവി കരുണാകരന്റെ ഭാര്യയായത് മുതൽ ബെറ്റിക്ക് വിദേശസഞ്ചാരം പതിവായിരുന്നു. ഓരോ യാത്രയിലും തിരികെയെത്തുന്നത് വിശിഷ്ടവസ്തുക്കളുമായാണ്. തൊട്ടാൽ പൊടിയുന്ന പോഴ്സലൈൻ ശില്പങ്ങളടക്കം അതീവ ശ്രദ്ധയോടെയാണ് എത്തിച്ചത്.
അതുല്യം, അപൂർവം
കയർ ഉത്പന്ന കയറ്റുമതിയിൽ ആദ്യം കൈവച്ച ഇന്ത്യക്കാരനായിരുന്നു രവിയുടെ മുത്തച്ഛൻ കൃഷ്ണൻ മുതലാളി.അദ്ദേഹം ശേഖരിച്ച ആനക്കൊമ്പ് ശില്പങ്ങളും തഞ്ചാവൂർ പെയിന്റിംഗുകളും സ്മാരകത്തിലുണ്ട്.കൃഷ്ണൻ മുതലാളിയുടെ മകൻ കെ.സി.കരുണാകരൻ യു.കെയിലെ ബെർമിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ പഠനത്തിനുശേഷം വിവാഹം കഴിച്ചത് ജർമ്മൻ സ്വദേശി മാർഗരറ്റിനെ.മാർഗരറ്റ് കേരളത്തിലേക്ക് വന്നത് വിലമതിക്കാനാവാത്ത ആഭരണങ്ങളും പുരാവസ്തുക്കളും വിവിധ കലാശില്പങ്ങളുമായാണ്. മാർഗരറ്റിന്റെ മരണത്തോടെ കരുണാകരൻ വിവാഹം ചെയ്ത ഡച്ച് സ്വദേശി കെരീന ഹാക്ക്ഫ്രൂട്ടിന്റെ ശേഖരങ്ങളും സ്മരകത്തിൽ നിധി പോലെ ബെറ്റി സൂക്ഷിച്ചിട്ടുണ്ട്. ആനക്കൊമ്പിൽ തീർത്ത ശില്പങ്ങൾ, 24 കാരറ്റ് സ്വർണത്തരികൾ ചേർത്തുണ്ടാക്കിയ ക്രിസ്റ്റൽ രൂപങ്ങൾ, പ്രശസ്ത ബ്രാൻഡുകളുടെ ലിമിറ്റഡ് എഡിഷൻ ശില്പങ്ങൾ, വിക്ടോറിയൻ കാലഘട്ടങ്ങളിലെ വസ്തുക്കൾ, അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ബ്യൂക്ക് സൂപ്പർ കാർ തുടങ്ങി വിസ്മയക്കാഴ്ചകളുടെ മായികലോകം ഇനി ബെറ്റിയുടെ കൂടി സ്മാരകമായി മാറും.