''സല്ലാപം'' പദ്ധതി മെല്ലെപ്പോക്കിൽ
തൊടുപുഴ: വാർദ്ധക്യത്തിന്റെ ഏകാന്തതയിൽ വീർപ്പ് മുട്ടുന്നവർക്കാശ്വാസമായി സർക്കാർ ആവിഷ്‌ക്കരിച്ച സല്ലാപം പദ്ധതി മെല്ലെപ്പോക്കിൽ. മറ്റ് ജില്ലകളിൽ പദ്ധതി വിജയകരമായതോടെ കൂടുതൽ തുക വകയിരുത്തി മുന്നേറുമ്പോഴും ഇടുക്കിയിൽ ഇതുവരെയും തുടങ്ങിയിട്ടില്ല. മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യംമെച്ചപ്പെടുത്തുന്നതിനായുള്ള സർക്കാർ പദ്ധതി ഇതോടെ ഏറെക്കുറേ നിലച്ച മട്ടാണ്. സല്ലാപത്തിനാവശ്യമായ വിദ്യാർത്ഥികളെ ലഭിക്കുന്നില്ലെന്ന തൊടുന്യായം ആവർത്തിക്കുന്നതല്ലാതെ ഇക്കാര്യത്തിൽ യാതൊരു നടപടിയും ജില്ലാ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പദ്ധതി തുടങ്ങാൻ സർക്കാർ തീരുമാനിച്ചപ്പോൾ മുതൽ പറയുന്ന ന്യായമാണ് ആളില്ലാ എന്നത്. ഇത് ആവർത്തിക്കുന്നതല്ലാതെ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മുമ്പ് കോളേജുകളുമായി ബന്ധപ്പെട്ടപ്പോൾ മതിയായ വിദ്യാർത്ഥികളെ കിട്ടിയില്ലെന്ന കാരണത്തിൽ മാത്രം അധിക്യതർ ഉറച്ചതോടെ പദ്ധതി നിശ്ചലമായി. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിൽ നിന്നുള്ള മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ലൃൂയു) വിദ്യാർത്ഥികളുടെ കൂട്ടായ്മകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ 13ഓളം കോളേജുകളുമായി ബന്ധപ്പെട്ടെങ്കിലും മതിയായ വിദ്യാർത്ഥികളെ കിട്ടിയില്ലെന്ന അന്നത്തെ ന്യായമാണ് വകുപ്പ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇതിനാൽ തന്നെ സർക്കാർ ആവശ്യപ്പെട്ടിട്ടും, താത്പര്യമുള്ള വിദ്യാർത്ഥികളുടെ പട്ടിക നൽകാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. എം.എസ്.ഡബ്ലൃൂ കോഴ്സുള്ള കോളേജുകൾ, വിദ്യാർത്ഥി കൂട്ടായ്മയുടെ വിശദാംശങ്ങൾ എന്നിവ നൽകണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ഒന്നും നടപ്പായിട്ടില്ല.
അംഗങ്ങളാകാനുള്ള യോഗ്യത
എം.എസ്.ഡബ്ല്യൂ കോഴ്സ് പഠിക്കുന്നവർക്ക് മാത്രമാണ് പദ്ധതിയിൽ ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുക. സേവന മനോഭാവമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പദ്ധതിയിൽ അംഗമാകാം. . ചേരുന്നവർക്ക് പ്രവ്യത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. നിശ്ചിത കാലയളവിലേക്കാണ് നിയമനം. വോളന്റിയറായി ചേർന്നാൽ ഫോൺ നമ്പറും റീ ചാർജ് തുകയും വകുപ്പ് നൽകും. എന്നാൽ പ്രത്യേക പ്രതിഫലമില്ല. വകുപ്പിലെ ഹെൽപ്പ്‌ലൈൻ കോൾ ഓഫീസേഴ്സ് കോൾ അറ്റൻഡ് ചെയ്ത് കാര്യങ്ങൾ മനസിലാക്കിയ ശേഷം സംസാരിക്കാൻ കഴിയുന്ന വിദ്യാർത്ഥികൾക്ക് കൈമാറും. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെയാണ് സേവനം. എത്ര സമയം വേണമെങ്കിലും സംസാരിക്കാം. ആവശ്യമെങ്കിൽ ടെലി കൗൺസിലറുടെ പിന്തുണയും ലഭിക്കും. സങ്കടങ്ങളും പ്രശ്നങ്ങളും കേട്ട് ആശ്വാസം പകരുന്നതിനൊപ്പം നിയമ പ്രശ്നം അടക്കമുള്ള കാര്യങ്ങളും വിവിധ സർക്കാർ സേവനങ്ങളും പദ്ധതിവഴി ലഭ്യമാക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. കോളേജുകൾ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്.
സല്ലാപം പദ്ധതി
മുതിർന്ന പൗരന്മാർ അനുഭവിക്കുന്ന ഏകാന്തതക്ക് പരിഹാരം കാണുക, അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി. ഒറ്റക്ക് താമസിക്കുന്ന/ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങളെയും പുതുതലമുറയെയും ടെലിഫോൺ മുഖാന്തിരം പരസ്പരം ബന്ധിപ്പിച്ച്, 'ടെലിഫോൺ ഫ്രണ്ട്' നെ നൽകി വാർദ്ധക്യ കാലം കൂടുതൽ സന്തോഷകരമാക്കുകയാണ് ലക്ഷ്യം.
' പദ്ധതി നടപ്പാക്കുന്നതിന് വിപുലമായ പ്രചരണം നടത്തും. കോളേജുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ ലഭ്യമാക്കാനുള്ള ശ്രമം ഊർജിതമാക്കും: വി.എ ഷംനാദ് (ജില്ലാ സാമൂഹ്യനീതി ഓഫീസർ, ഇടുക്കി)