കുഴിയിൽ ചാടി ലോറി കുടുങ്ങി; പാപ്പിനിശ്ശേരി പാലത്തിൽ ഗതാഗതതടസം
പാപ്പിനിശ്ശേരി: നിർമ്മാണം പൂർത്തിയായ കാലം തൊട്ട് പലതരത്തിലുള്ള അപാകതകൾ കണ്ടുതുടങ്ങിയ പാപ്പിനിശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിൽ രൂപപ്പെട്ട വൻകുഴിയിൽ ചാടിയ ചരക്കുലോറി കുടുങ്ങി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറോളം നിലച്ചു.
ഇന്നലെ രാവിലെയാണ് പാലത്തിലെ വലിയ കുഴിയിൽ ചാടിയ ചരക്ക് ലോറി തകരാറിലായി കുടുങ്ങിയത്. ഖലാസികളുടെ സഹായത്തോടെയാണ് ഒടുവിൽ ലോറി പാലത്തിൽ നിന്നും നീക്കിയത്. ചരക്ക് ലോറി കുടുങ്ങിയ കുഴിയിൽ വലിയ സിമന്റ് കട്ടയും പ്ലാസ്റ്റിക്ക് സ്റ്റോപ്പറും വച്ചതോടെ പാലത്തിലൂടെയുളള യാത്രയും സങ്കീർണമായി. ഒറ്റ വരിയിലൂടെ ഇരു ഭാഗത്തേക്കും വാഹനങ്ങൾ കടക്കുമ്പോൾ വലിയ കുരുക്കാണ് പാലത്തിൽ അനുഭവ പ്പെടുന്നത്. ഇതിനിടയിൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിലും സിമന്റ് കട്ടയിലും സ്റ്റോപ്പറിലും തട്ടി അപകടമുണ്ടാക്കുന്നതും ഭീഷണിയായിട്ടുണ്ട്. പാലത്തിന്റെ തകർച്ചയും തുടർച്ചയായുള്ള അപകടങ്ങളും കെ.എസ്.ടി.പി അധികൃതരുടെ കണ്ണുതുറപ്പിക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ . മേയ് മാസത്തെ കാലവർഷം തുടങ്ങിയത് മുതൽ വലിയ കുഴികളാണ് പാലത്തിന് മുകളിൽ രൂപപ്പെട്ടത്. രണ്ട് മാസം മുൻപ് എക്സ് പാൻഷൻ ജോയന്റിൽ വലിയ വിള്ളലും രൂപപ്പെട്ടു. ഏതുസമയത്തും വൻ അപകടത്തിനുള്ള സാദ്ധ്യതയാണ് പാപ്പിനിശ്ശേരി പാലത്തിന് മുകളിലുള്ളത്.പാലത്തിലെ കുഴിയിൽ ഉയർന്ന് നിൽക്കുന്ന സിമന്റ് കട്ടയും കുഴിയും വാഹനങ്ങളെ അപകടത്തിൽ പെടുത്താനുള്ള സാദ്ധ്യത ഇരട്ടിപ്പിക്കുകയാണ്. പാലത്തിന് മുകളിലുള്ള തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും
അപകടഭീഷണി ഉയർത്തുന്നു.