ആസ്മിന ലോഡ്ജില്‍ മുറിയെടുത്തത് ഇന്നലെ; ജോബി ജോർജ് പരിചയപ്പെടുത്തിയത് ഭാര്യയെന്ന്
തിരുവനന്തപുരം: കോഴിക്കോട് സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വടകര സ്വദേശിയായ ആസ്മിന ഇന്നലെയാണ് ആറ്റിങ്ങലിലെ ഗ്രീന്‍ ലൈന്‍ ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജിലെ ജീവനക്കാരനായ ജോബി ജോര്‍ജ് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഒരാഴ്ച മുമ്പാണ് ഇയാള്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. ഒപ്പം ജോലി ചെയ്യുന്നവരോട് ആസ്മിന തന്റെ ഭാര്യയാണെന്നാണ് ജോബി പരിചയപ്പെടുത്തിയത്.
രാത്രി വൈകി ജോബിയെ കാണാന്‍ മറ്റൊരാള്‍ ആറ്റിങ്ങലിലെ ലോഡ്ജില്‍ എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ആസ്മിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൈയില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. ഇന്ന് രാവിലെ മുറി തുറന്ന് നോക്കിയ ജീവനക്കാരാണ് ആസ്മിനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ കുപ്പികൊണ്ട് മുറിവേറ്റ പാടുകളും ഉണ്ടായിരുന്നു. ആസ്മിനയുടെ മൃതദേഹത്തിന് സമീപത്ത് നിന്നായി പൊട്ടിയ ഒരു മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.
പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജോബി ജോര്‍ജ് പുലര്‍ച്ചെ നാല് മണിക്ക് ലോഡ്ജില്‍ നിന്ന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. ഇത് പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ആറ്റിങ്ങല്‍ പൊലീസ്. രണ്ട് കുട്ടികളുടെ അമ്മയായ ആസ്മിനയുമായി ജോബി പരിചയത്തിലായിട്ട് കുറച്ച് കാലങ്ങളായി. എന്നാല്‍ ഇരുവരും തമ്മില്‍ എന്താണ് പ്രശ്‌നമെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ മരണകാരണം കൃത്യമായി അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.