ഇവിടെയുണ്ട്... വില്വാദ്രിയുടെ സ്വന്തം ഗോകുലം
- ഗോശാലയിലുള്ളത് 45ഓളം വില്വാദ്രിയും 20ഓളം മലനാട് ഗിദ്ധ പശുക്കളും
ചേലക്കര: നാടൻ പശുക്കളുടെ പരിപാലനത്തിന് കഴിഞ്ഞ പതിമൂന്ന് വർഷമായി അക്ഷീണം പ്രയത്‌നിക്കുകയാണ് മായന്നൂർ സ്വദേശി റിട്ടയേർഡ് നേവി ഓഫീസർ പി.പി.ഉണ്ണിക്കൃഷ്ണനും സുഹത്തുക്കളും. മായന്നൂർ നവോദയ വിദ്യാലയത്തിൽ നിന്ന് അധികം ദൂരെയല്ലാതെ അരയേക്കർ പുരയിടത്തിലേക്ക് ഉണ്ണിക്കൃഷ്ണൻ കൊണ്ടുവന്ന മൂന്ന് വില്വാദ്രി പശുക്കൾ ഇന്ന് നാല്പത്തഞ്ചോളമായി. ഇപ്പോൾ ഇരുപതോളം മലനാട് ഗിദ്ദ (മലനാട് കുള്ളൻ) ഇനത്തിൽപെട്ട പശുക്കളുടെയും പരിപാലന കേന്ദ്രമാണ്.
ഗോകുലം ഗോശാല എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് ഉണ്ണിക്കൃഷ്ണൻ ചെയർമാനായി സമാന മനോഭാവമുള്ളവരുടെ ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചു. തീറ്റപ്പുല്ല് ഉണ്ടാക്കാനായി പാട്ടത്തിനെടുത്ത അഞ്ചേക്കറോളം സ്ഥലത്താണ് ഇപ്പോൾ പശുപരിപാലനം. മൂന്ന് നേപ്പാളി തൊഴിലാളികളും സഹായത്തിനുണ്ട്. കച്ചവട മനോഭാവത്തിലല്ലെങ്കിലും പശുക്കളുടെ പരിപാലന ചെലവ് അധികരിച്ചപ്പോൾ പ്രതിസന്ധിയിലാണ് ട്രസ്റ്റ്. നാടൻ പശുപരിപാലനം ഇപ്പോൾ ഇവരുടെ ജീവരക്തവുമായി ഇഴുകി ചേർന്നതിനാൽ പ്രതിസന്ധി മറികടക്കാൻ പല വഴികളും ആലോചിക്കുകയാണ്. പാലുത്പന്നങ്ങളും ഉപ ഉത്പന്നങ്ങളായി ഭസ്മം, പഞ്ചഗവ്യം, ജീവാമൃതം, ബീജാമൃതം, പാൽപ്പൊടി തുടങ്ങിയവയിലൂടെയെങ്കിലും വരുമാനം കണ്ടെത്തി പ്രതിസന്ധി തരണം ചെയ്യാനാകുന്ന ഒരു പ്രൊജക്ട് തയ്യാറാക്കി യു.ആർ.പ്രദീപ് എം.എൽ.എയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് ഗോശാല അംഗങ്ങൾ. നാടൻപശുക്കളുടെ ഗുണം തിരിച്ചറിഞ്ഞ് തങ്ങളോടൊപ്പം അണി ചേരുന്നവരെയും സഹായമനസ്‌കരായ വ്യക്തികളെയും പ്രതീക്ഷയോടെ കാത്തിരിക്കുകയാണിവർ.
വില്വാദ്രിയുടെ പശു !
തൃശൂരിലെ വില്വാദ്രി മലകളിൽ പ്രധാനമായും കാണുന്നു.
വില്വമലയിലുള്ളതിനാലോ വില്ലുപോലെ വളഞ്ഞ് കൊമ്പുകൾ ഉള്ളതിനാലോ പേര് വന്നു
ഏത് കാലാവസ്ഥയിലും വളരുന്ന പ്രതിരോധ ശേഷിയുള്ള നാടൻ ഇനം
അളവിൽ രണ്ട് ലിറ്ററിൽ താഴെയാണെങ്കിലും ഔഷധഗുണമുള്ള പാൽ.
മലനാട് കുള്ളൻ
കർണാടകത്തിന്റെ തനത് ജനുസ് മലയോര പ്രദേശത്ത് മേഞ്ഞുനടക്കുന്നു ഇന്ത്യയിലെ 43 തനിനാടൻ പശുക്കളിൽ ഒരിനം