തദ്ദേശ തിരഞ്ഞെടുപ്പ്: തിയതി പ്രഖ്യാപിക്കാൻ കാത്തിരിപ്പ്..!

Thursday 23 October 2025 12:06 AM IST

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സംവരണ സീറ്റുകൾ തീരുമാനമായതോടെ അടുത്ത നോട്ടം പ്രസിഡന്റ് സ്ഥാനത്തിന്റെ സംവരണത്തിലേക്ക്. ഒരോ ജില്ലയിലെയും തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ നറുക്കെടുപ്പ് അടുത്ത ദിവസങ്ങളിൽ നടക്കും. തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളായ ഗുരുവായൂർ, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിൽ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ് അദ്ധ്യക്ഷ സ്ഥാനത്ത്.

അണിയറ ചർച്ചകൾ സജീവം

മൂന്നു മുന്നണികളും പ്രാഥമിക യോഗങ്ങൾ ചേർന്ന് ബൂത്ത് കമ്മിറ്റികളിൽ നിന്ന് വിജയപ്രതീക്ഷയുള്ള സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകൾ സജീവമാക്കി. ഔദ്യോഗിക നടപടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമെ ഉണ്ടാകൂ. എങ്കിലും ഉറപ്പുള്ള സ്ഥാനാർത്ഥികൾ അണിയറ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിത്വം ലഭിക്കാനായി സ്ത്രീകളും രംഗത്തുണ്ട്. മുൻകാലങ്ങളിൽ സ്ത്രീ സ്ഥാനാർത്ഥികളെ ലഭിക്കൻ നെട്ടോട്ടമായിരുന്നുവെങ്കിൽ ഇപ്പോൾ നിരവധി പേർ രംഗത്തുണ്ട്. പലയിടങ്ങളിലും കുടുംബശ്രീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മുൻഗണന നൽകിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്നത്.

സന്ദേശയാത്രകളും കുറ്റപ്പത്ര സമർപ്പണവും

എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഭരണം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വികസന സന്ദേശയാത്രകളും പ്രതിപക്ഷത്തുള്ളയിടങ്ങളിൽ കുറ്റപ്പത്രവുമായി എൽ.ഡി.എഫ് യാത്രകൾ അവസാനഘട്ടത്തിലാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വികസന മുരടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുറ്റപ്പത്ര സമർപ്പണവും നടക്കുകയാണ്. ബി.ജെ.പിയുടെ നേതൃത്വത്തിൽ കോർപറേഷനിൽ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ വികസന മുന്നേറ്റയാത്രകൾ സംഘടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മാത്രമെ സ്ഥാനാർത്ഥി ചർച്ചകൾ നടക്കു. അതിനു മുമ്പ് ഘടക കക്ഷികളുമായി സീറ്റ് ചർച്ചകൾ പൂർത്തിയാക്കും. -കെ.വി.അബ്ദുൾ ഖാദർ,

സി.പി.എം ജില്ലാ സെക്രട്ടറി

സ്ഥാനാർത്ഥികളുടെ ചർച്ച അടുത്ത ആഴ്ച്ചയോടെ ആരംഭിക്കും. അനൗദ്യോഗിക ചർച്ചകൾ പ്രദേശികതലങ്ങളിൽ നടക്കുന്നുണ്ട്.

-അഡ്വ. ജോസഫ് ടാജറ്റ്,

ഡി.സി.സി പ്രസിഡന്റ്

ഇലക്ഷൻ മാനേജ്‌മെന്റ് രൂപീകരണവും വികസിത ടീമിന്റെ പ്രവർത്തനവും സജീവമായി നടക്കുന്നു. സ്ഥാനാർത്ഥി ചർച്ചകൾ സംസ്ഥാന നിർദ്ദേശത്തിന് അനുസരിച്ച് നടക്കും.

-ജസ്റ്റിൻ ജേക്കബ്,

ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം: ഗ്രാമപഞ്ചായത്ത് - 86 ബ്ലോക്ക് പഞ്ചായത്ത് - 16 ജില്ലാ പഞ്ചായത്ത് - 01 (30 ഡിവിഷൻ) മുനിസിപ്പാലിറ്റി - 07 കോർപറേഷൻ - 01 (56 ഡിവിഷൻ)