സ്വർണക്കൊള്ള കേന്ദ്ര ഏജൻസി അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ

Thursday 23 October 2025 1:56 AM IST

തിരുവനന്തപുരം: ശബരിമലയുൾപ്പെടെയുള്ള കേരളത്തിലെ ദേവസ്വം ക്ഷേത്രങ്ങളിലെ അഴിമതിയും സ്വർണത്തട്ടിപ്പുമടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ദേവസ്വം ബോർഡുകളുടെയും അവയുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെയും 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കണം.

ശബരിമലയിലെ സ്വർണ മോഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നത്. മറ്റു ദേവസ്വം ബോർഡുകളുടെ ക്ഷേത്രങ്ങളിലെ ഭൂമിയും സ്വർണവും മോഷണം പോയ സമാനമായ സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമലയിൽ നടന്ന കുറ്റകൃത്യങ്ങളും അഴിമതികളും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വീഴ്ചകളാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പൊലീസിന്റെ അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല. ദേവസ്വം ബോർഡുകളിൽ സമഗ്രമായ ഓഡിറ്റ് നടത്താൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.