തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യം
തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 10നു മുമ്പ് നടന്നേക്കും.നവംബർ 10 മുമ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെയുള്ളിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക.സംവരണവാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.കൊവിഡിന്റെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ 2020ൽ നവംബർ ആറിനായിരുന്നു വിജ്ഞാപനം.ഡിസംബർ മൂന്നുഘട്ടങ്ങളിലായിരുന്നു വോട്ടെടുപ്പ്.ഇത്തവണയും ഒന്നിലധികം ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്.തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20നകം പൂർത്തിയാക്കണം.21ന് നിലവിലുള്ള ഭരണസമിതികളുടെ കാലാവധി അവസാനിയ്ക്കും.കണ്ണൂരിലെ മട്ടന്നൂർ നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് 2022 ആഗസ്റ്റ് 20നും സത്യപ്രതിജ്ഞ സെപ്തംബർ 11നുമായിരുന്നു.ഇവിടുത്തെ ഭരണസമിതിയുടെ കാലാവധി 2027 സെപ്തംബർ പത്തിനേ അവസാനിക്കൂ.തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻ/അദ്ധ്യക്ഷ സംവരണം നിശ്ചയിക്കലും അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരണവുമാണ് ഇനി നടക്കാനുള്ളത്.അദ്ധ്യക്ഷനിർണയം ഈ മാസം പൂർത്തിയാക്കും.25ന് വോട്ടർപട്ടികയും പ്രസിദ്ധീകരിക്കും.ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തയ്യാറെടുപ്പിലേയ്ക്ക് കമ്മിഷൻ കടക്കും.
വാർഡു വിഭജനം: അപ്പീലുകളിൽ 27ന് വാദം
തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം ചോദ്യം ചെയ്യുന്ന ഹർജികൾ തള്ളിയതിനെതിരായ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് മുരളീ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. ഉദുമ, എ ആർ നഗർ, കഠിനംകുളം,വള്ളിക്കുന്ന്,വിജയപുരം,പെരുംകടവിള എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാർഡു വിഭജനമാണ് ചോദ്യം ചെയ്യുന്നത്. ഈ പഞ്ചായത്തുകളിലെ വാർഡ് വിഭജനം അപ്പീലുകളുടെ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 27ന് കോടതി വിശദമായ വാദം കേൾക്കും