പി എം ശ്രീ: മന്ത്രിസഭയിൽ എതിർപ്പുമായി സി.പി.ഐ

Thursday 23 October 2025 1:18 AM IST

തിരുവനന്തപുരം: പിഎം- ശ്രീ പദ്ധതിയിൽ ഒപ്പു വയ്ക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മന്ത്രിസഭായോഗത്തിൽ എതിർത്ത് സി.പി.ഐ മന്ത്രിമാർ. യോഗത്തിന്റെ അജൻഡയിൽ ഇക്കാര്യം ഇല്ലായിരുന്നെങ്കിലും സി.പി.ഐ മന്ത്രിമാർ ഇതേക്കുറിച്ചുള്ള ആശങ്ക അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇതിന് മറുപടി നൽകിയില്ല.

പി.എം. ശ്രീയിൽ ചേർന്നാൽ ദേശീയ വിദ്യാഭ്യാസ നയം അതേപടി സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്നായിരുന്നു റവന്യൂ മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടിയത്. മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ ചർച്ച ചെയ്യാതെ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും സിപിഐ മന്ത്രിമാർ വ്യക്തമാക്കി. നേരത്തെ മന്ത്രിസഭയിൽ സിപിഐ എതിർപ്പ് അറിയിച്ചതിനെ തുടർന്നു മാറ്റിവച്ച പിഎം ശ്രീ പദ്ധതിയിൽ വീണ്ടും ഒപ്പു വയ്ക്കുമെന്ന നിലപാടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നതെന്ന് അറിഞ്ഞു. ഇതു ശരിയാണെങ്കിൽ സിപിഐ നിലപാടിന് വിരുദ്ധമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചാൽ കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയം പൂർണ തോതിൽ നടപ്പാക്കേണ്ടി വരും. ധാരണാ പത്രത്തിൽ ഒപ്പു വയ്ക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് കേന്ദ്രത്തെ അറിയിച്ചോയെന്നും മന്ത്രി കെ. രാജൻ ചോദിച്ചു. മന്ത്രിസഭാ യോഗത്തിന് മുൻപ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വസതിയിൽ മന്ത്രിമാരുടെ യോഗം ചേർന്നിരുന്നു.

മുഖ്യമന്ത്രിയുമായി

കൂടിക്കാഴ്ച

മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രി കെ.രാജനടക്കം സി.പി.ഐ മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണി യോഗം ചേരുന്നതിന് മുന്നോടിയായി സമവായ ശ്രമങ്ങളാണ് പ്രധാനമായി ചർച്ച ചെയ്തത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിടേണ്ടതില്ലെന്ന കടുത്ത നിലപാടാണ് സിപിഐയ്ക്കുള്ളതെന്നും തമിഴ്‌നാട് മാതൃകയിൽ കോടതിയെ സമീപിച്ച് ഫണ്ട് വാങ്ങിയെടുക്കാനുള്ള നടപടി വേണമെന്നും മന്ത്രിമാർ അറിയിച്ചു.

പിന്നീട് മന്ത്രി വി. ശിവൻകുട്ടി മാധ്യമ പ്രവർത്തകരെ കണ്ടെങ്കിലും കൂടുതൽ പ്രതികരിച്ചില്ല. താനും ബിനോയ് വിശ്വവുമെല്ലാം കമ്മ്യൂണിസ്റ്റുകാരാണെന്നും ബിനോയിയുടെ അഭിപ്രായത്തെ മാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.