മൊക്കാമയിൽ അധോലോകം വിധിയെഴുതും
ബീഹാറിൽ ജാതിരാഷ്‌ട്രീയം നിർണായകമെങ്കിലും മൊക്കാമ മണ്ഡലത്തിൽ ആരു ജയിക്കണമെന്ന് തീരുമാനിക്കുക അധോലോകം. തിരഞ്ഞെടുപ്പുകളിൽ ബൂത്തു കയ്യേറൽ,കള്ളവോട്ട്,അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടൽ എന്നിവ പതിവുള്ള സ്ഥലം. അനന്ത് സിംഗ്(ജെ.ഡി.യു),സൂരജ്ബൻ സിംഗ്(ആർ.ജെ.ഡി) എന്നീ അധോലോക നേതാക്കളാണ് സർവ്വവും നിയന്ത്രിക്കുന്നത്.
ഏഴ് കൊലപാതക കേസുകൾ,തട്ടിക്കൊണ്ടുപോകൽ,ആയുധ നിയമ ലംഘനം അടക്കം 38 ക്രിമിനൽ കേസുകളിൽ പ്രതിയായ അനന്ത് സിംഗ് 'ഛോട്ടേ സർക്കാർ' എന്നാണ് അറിയപ്പെടുന്നത്. 2007ൽ അഭിമുഖത്തിനെത്തിയ രണ്ട് മാദ്ധ്യമ പ്രവർത്തകരെ ബന്ദികളാക്കിയ സംഭവത്തിലും പ്രതിയാണ്. ആഡംബര കാറുകൾ,കുതിരകൾ,തൊപ്പികൾ,സ്റ്റൈലൻ കണ്ണടകൾ എന്നിവ ദൗർബല്യം. 2005-2015വരെ ജെ.ഡി.യു ബാനറിലും 2020ൽ ആർ.ജെ.ഡി ബാനറിലും മൊക്കാമയിൽ ജയിച്ചു. 2022ൽ ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് അയോഗ്യനായപ്പോൾ രാജിവച്ചു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ ഭാര്യ നീലം ദേവിയെ മത്സരിപ്പിച്ച് ജയിപ്പിച്ചെങ്കിലും 2024ൽ ജെ.ഡി.യുവിലേക്ക് മാറി. 2024 ആഗസ്റ്റിൽ പാട്‌ന ഹൈക്കോടതി 2022ലെ കേസിൽ കുറ്റവിമുക്തനാക്കി.
അനന്ത് സിംഗ് കൂറുമാറിയപ്പോളാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് മണ്ഡലത്തിലെ രണ്ടാമത്തെ അധോലോക നായകൻ സൂരജ്ഭാൻ സിംഗിനെ കൂട്ടുപിടിച്ചത്. പശുപതി കുമാർ പരസിന്റെ ആർ.എൽ.ജെ.പിയിൽ നിന്ന് രാജിവച്ചാണ് മുൻ എം.പി(ബാലിയ) കൂടിയായ സൂരജ്ഭാൻ,ആർ.ജെ.ഡിയിൽ ചേർന്നത്. അനന്ത് സിംഗിനെപ്പോലെ ഭൂമിഹാർ സമുദായത്തിന്റെ പിന്തുണയുമുണ്ട്.
അനന്ത് സിംഗിന്റെ മൂത്ത സഹോദരൻ ദിലീപ് സിംഗ് 1990-95 കാലത്ത് മൊക്കാമയിൽ ജയിച്ചിരുന്നു. അത്യാവശ്യം ക്രിമിനൽ പശ്ചാത്തലമുള്ള ഇദ്ദേഹം ആർ.ജെ.ഡി സർക്കാരിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ൽ സ്വതന്ത്രനായി മത്സരിച്ച സൂരജ്ഭാൻ മണ്ഡലം പിടിച്ചെടുത്തു. ആ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബീഹാറിലും യു.പിയിലും രജിസ്റ്റർ ചെയ്‌ത 26 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു സൂരജ്ഭാൻ. 2008ൽ നടന്ന ഒരു കൊലക്കേസിൽ 2014ൽ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ തിരഞ്ഞെടുപ്പ് അയോഗ്യതയും വന്നു. ഇദ്ദേഹത്തിന് ക്രിമിനൽ അയോഗ്യതയുണ്ട്. മുംഗർ മണ്ഡലത്തിൽ നിന്നുള്ള മുൻ എം.പി കൂടിയായ ഭാര്യ വീണാദേവിയാണ് ഇവിടെ സ്ഥാനാർത്ഥി. സൂരജ്ഭാനിന്റെ സഹോദരൻ കനയ്യ സിംഗ് ഇവിടെ ലോക് ജനശക്തി പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയും മത്സരിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 2.86% വരുന്ന ഭൂമിഹാർ സമുദായമാണ് വോട്ടർമാരിൽ കൂടുതലും.