യുവതി ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ, കൂടെ താമസിച്ച യുവാവ് ഒളിവിൽ
ജോബി ഇതേ ലോഡ്ജിലെ ജീവനക്കാരൻ
ആറ്റിങ്ങൽ: കോഴിക്കോട് സ്വദേശിയായ യുവതിയെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ കൂടെ താമസിച്ചിരുന്ന ഇതേ ലോഡ്ജിലെ ജീവനക്കാരൻ ഒളിവിൽ. വടകര സ്വദേശി അസ്മിനയാണ് (38) ആറ്റിങ്ങൽ മൂന്നുമുക്കിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. കോട്ടയം പുതുപ്പള്ളി സ്വദേശി റോയി എന്ന ജോബി ജോർജാണ് (30) ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു. അസ്മിനയുടേത് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കൈയിലും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ടെന്നും വസ്ത്രത്തിലും ചുമരിലും തറയിലും കട്ടിലിലും രക്തം പുരണ്ടിട്ടുള്ളതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. മുറിയിൽ പൊട്ടിയ മദ്യക്കുപ്പിയുമുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും തലയിൽ കുപ്പികൊണ്ട് അടിച്ചതിലുണ്ടായ പരിക്കായിരിക്കാം മരണകാരണമെന്നുമാണ് സംശയം. പോസ്റ്രുമോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ കേരളകൗമുദിയോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 9ഓടെയാണ് ഭാര്യയെന്നു പരിചയപ്പെടുത്തി യുവതിയെ ജോബി ലോഡ്ജിലെത്തിച്ച് മുറിയെടുത്തത്. ജോബി രാത്രി ഒന്നരയോടെ യുവതിയുടെ മുറിയിലേക്കു പോയതായി ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ബുധനാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞും ഇയാളെ പുറത്തേക്ക് കാണാതായതോടെ ജീവനക്കാർ പരിശോധിച്ചെങ്കിലും മുറി തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് വിവരമറിയിച്ചതോടെ പൊലീസെത്തി കതകിന്റെ പൂട്ടുതകർത്ത് നോക്കിയപ്പോഴാണ് യുവതി മരിച്ചുകിടക്കുന്നതായി കണ്ടത്. ഒരാഴ്ച മുമ്പാണ് ജോബി ക്ലീനിംഗ് ജോലിക്കായി ലോഡ്ജിലെത്തിയത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലർച്ചെ നാലോടെ ഇയാൾ ലോഡ്ജിൽ നിന്ന് പുറത്തുപോകുന്നതായി കണ്ടെത്തി. ഇന്നലെ രാത്രി ഇവരെ തിരക്കി മറ്റൊരാൾ എത്തിയിരുന്നതായും ജീവനക്കാർ പറയുന്നു.
ക്രിമിനൽകേസ് പ്രതി
മുമ്പ് പൂയപ്പള്ളി സ്വദേശിയായ യുവതിക്കൊപ്പം ജോബി താമസിക്കുകയും അവരുടെ തലയ്ക്കടിച്ച് പരിക്കേല്പിച്ചതിന് ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. റോയിയും അസ്മിനയും കായംകുളം,മാവേലിക്കര ഭാഗങ്ങളിൽ ഒന്നിച്ചുതാമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരും ഒന്നിലധികം വിവാഹം ചെയ്തെങ്കിലും ബന്ധം വേർപെടുത്തിയവരാണ്. ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ലോഡ്ജിലെത്തി പരിശോധന നടത്തി. ഉച്ചയ്ക്കുശേഷം ആറ്റിങ്ങൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.