നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ; ആരോപണത്തിന് പിന്നിൽ ഗൂഢാലോചന: ജോസ് ഫ്രാങ്ക്ളിൻ

Thursday 23 October 2025 1:51 AM IST

നെയ്യാറ്റിൻകര: ബേക്കറി ഉടമയായ വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ താൻ നിരപരാധിയാണെന്ന് നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ പറഞ്ഞു.

ആത്മഹത്യാക്കുറിപ്പിലെ ആദ്യഭാഗം മാത്രം പ്രചരിപ്പിക്കുകയും തുടർന്നുള്ള ഭാഗം മറച്ചുവയ്ക്കുകയും ചെയ്‌തതിൽ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. പൊതുപ്രവർത്തകൻ എന്ന നിലയിൽ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. പൊലീസ് അന്വേഷണത്തിലൂടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നും ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം കോടതി ഉത്തരവുപ്രകാരം ഇന്നലെ നെയ്യാറ്റിൻകര സ്റ്റേഷനിൽ ജോസ് ഫ്രാങ്ക്ളിൻ ഹാജരായി.

അതേസമയം വീട്ടമ്മ എഴുതിയതായി പറയപ്പെടുന്ന രണ്ടാമത്തെ കത്തിന്റെ അവസാന ഭാഗത്ത് ജോസ് ഫ്രാങ്ക്ളിനെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് 50 ലക്ഷം ആവശ്യപ്പെടണമെന്നും കിട്ടിയില്ലെങ്കിൽ കേസ് കൊടുക്കണമെന്നും പറയുന്നുണ്ട്. ലഭിക്കുന്ന തുക ഉപയോഗിച്ച് കടങ്ങൾ തീർക്കണമെന്നും കത്തിൽ മകനോട് പറഞ്ഞിരുന്നു. 12ലധികം ആളുകൾക്ക് 21 ലക്ഷത്തിലധികം രൂപ നൽകാനുണ്ടായിരുന്നതായി കുറിപ്പിലുണ്ട്.