പെൺകുഞ്ഞ് ജനിച്ചതിന് ക്രൂരത : തുറന്നു പറഞ്ഞ് യുവതി

Thursday 23 October 2025 2:54 AM IST

കോലഞ്ചേരി: പെൺകുഞ്ഞി​നെ പ്രസവി​ച്ചതിന്റെ പേരി​ൽ കുഞ്ഞ് പിറന്നതിന്റെ 28-ാം ദിവസം ഭർത്താവ് കട്ടിലിൽനിന്ന് ചവിട്ടി താഴെയിട്ടതുൾപ്പെടെ ക്രൂരമർദ്ദനവും അവഹേളനവും ഏറ്റുവാങ്ങിയത് ആവർത്തിച്ച് യുവതി. അന്ധവിശ്വാസത്തിന്റെ പേരിലും അങ്കമാലിയിലെ ഭർതൃവീട്ടിൽ ക്രൂരതകൾ നേരിട്ടെന്ന് പുത്തൻകുരിശ് വരിക്കോലിയിലെ വീട്ടിൽ യുവതി മാദ്ധ്യമങ്ങളോട് വിവരിച്ചു. യുവതിക്കേറ്റ പീഡനം കേരളകൗമുദിയാണ് ആദ്യം റിപ്പോർട്ട് ചെയ്‌തത്.

2021ൽ പെൺകുഞ്ഞ് ജനിച്ചതുമുതലാണ് അങ്കമാലി ഞാലൂക്കര സ്വദേശിയായ ഭർത്താവ് ഗിരീഷിൽനിന്ന് ഉപദ്റവം നേരിട്ടത്. കുഞ്ഞിന്റെ ഭാവിയെ ഓർത്ത് മർദ്ദനത്തെക്കുറിച്ച് പുറത്തുപറഞ്ഞില്ല. തലയ്‌ക്ക് അടിയേ​റ്റ് ചോരവാർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കട്ടിലിൽനിന്ന് വീണതാണെന്നാണ് പറഞ്ഞത്. ഓരോതവണ അടിവാങ്ങുമ്പോഴും കാലുപിടിച്ച് മാപ്പപേക്ഷിച്ചിരുന്നു.

ഭർത്താവിന്റെ അന്ധവിശ്വാസം അസഹ്യമായിരുന്നു. തന്റെ വീട്ടിൽനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ കൂടോത്രം ചെയ്‌തെന്നുപറഞ്ഞ് നൽകാതെ പട്ടിക്ക് നൽകി. സ്ത്രീധനം കുറഞ്ഞെന്നും അച്ഛനോട് കൂടുതൽ പണം വാങ്ങിക്കൊണ്ടുവരാനും ആവശ്യപ്പെട്ടു. വീട്ടുകാരെ മോശക്കാരായി ചിത്രീകരിക്കുന്നതും പതിവായിരുന്നു. വീട്ടുകാരുമായി സംസാരിക്കാതിരിക്കാൻ ഫോണും സിമ്മും വെള്ളത്തിലിട്ടു നശിപ്പിച്ചെന്ന് യുവതി പറഞ്ഞു.

മകളെ കൊന്ന് കിണ​റ്റിലിട്ടാൽ ആരും ചോദിക്കാനില്ലെന്ന് പറഞ്ഞും ഉപദ്രവിച്ചെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ അങ്കമാലി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.