പിതാവിനോടുള്ള പക: 5 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊന്നു
ന്യൂഡൽഹി: പിതാവിനോടുള്ള പക തീർക്കാൻ അഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡൽഹിയിലെ നരേലയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ ട്രാൻസ്‌പോർട്ട് കമ്പനിയിലെ ഡ്രൈവറായ നിതുവാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ പിതാവ് മർദ്ദിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നിതു നിലവിൽ ഒളിവിലാണ്. ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണ് കുട്ടിയ തട്ടിക്കൊണ്ടുപോയതായി നരേല പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം നിതുവിന്റെ വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇഷ്ടികയും കത്തിയും ഉപയോഗിച്ചായിരുന്നു കൊലപാതകം.
ട്രാൻസ്‌പോർട്ട് കമ്പനിയിലെ മറ്റൊരു ഡ്രൈവറായ വസീമും നിതുവും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കുകയും നിതു വസീമിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട കമ്പനി ഉടമ അപമര്യാദയായി പെരുമാറിയതിന് നിതുവിനെ മർദ്ദിച്ചു. ഇതിന് പ്രതികാരമായാണ് വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.