ഡീപ്‌ഫേക്കിന് പൂട്ട്: ഭേദഗതിയുമായി കേന്ദ്രം

Thursday 23 October 2025 1:56 AM IST

ന്യൂഡൽഹി: നിർമ്മിത ബുദ്ധി (എ.ഐ) ദുരുപയോഗത്തിന് തടയിടാൻ ഐ.ടി നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയം. ഡീപ്ഫേക്കടക്കം എ.ഐ നിർമ്മിത ഉള്ളടക്കങ്ങൾ വ്യാപകമായി ദുരുപയോഗം ​ചെയ്യപ്പെടുന്നുവെന്ന് പരാതിയുയരുന്നതിനിടെയാണ് നീക്കം. എ.ഐ സാ​ങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച ഉള്ളടക്കങ്ങളും (സിന്തറ്റിക്) യഥാർത്ഥ ഉള്ളടക്കങ്ങളും തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന വിധത്തിലാണ് കരട് ഭേദഗതി. അതേസമയം, പുതിയ ചട്ടമനുസരിച്ച്, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് കൃത്രിമമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനും ലേബൽ ചെയ്യാനുമാകും. കൃത്രിമ ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനും നീക്കം ചെയ്യാനും പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ പിന്തുണയും പുതിയ ചട്ടം നൽകുന്നു. നിർദിഷ്ട ​​ഐ.ടി നിയമ ഭേദഗതികളുടെ കരടിൽ പൊതുജനങ്ങൾക്ക് നവംബർ ആറുവരെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകാനാവും. കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ meity.gov.inൽ കരട് ലഭ്യമാണ്.