ഐ.എസ്.ആർ.ഒയെ വളർത്തിയ ചിറ്റ്‌നിസ്

Thursday 23 October 2025 2:09 AM IST

മുംബയ്: ഐ.എസ്.ആർ.ഒയെ ലോകോത്തര സ്ഥാപനമായി ഉയർത്തുന്നതിൽ നിർണായക പങ്കാണ് ഇന്നലെ അന്തരിച്ച പ്രൊഫസർ ഏക്‌നാഥ് ചിറ്റ്‌നിസ് വഹിച്ചത്.

അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ (എസ്.എ.സി) ഡയറക്ടർ എന്ന നിലയിൽ (1981- 1985) ഉപഗ്രഹ സാങ്കേതികവിദ്യ, റിമോട്ട് സെൻസിംഗ്, ബഹിരാകാശ അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവയിൽ ശ്രദ്ധേയമായ ദൗത്യങ്ങൾക്ക് നേതൃത്വം നൽകി. അതോടെ ബഹിരാകാശ ഗവേഷണത്തെ ദേശീയ വികസനത്തിനുള്ള വഴിവെളിച്ചമാക്കി.ടെലികമ്മ്യൂണിക്കേഷൻ ഉപഗ്രഹ പദ്ധതിയായ ഇൻസാറ്റിന് പിന്നിലും 2000ത്തിലേറെ ഗ്രാമങ്ങളിലേക്ക് ഉപഗ്രഹങ്ങൾ വഴി ടെലിവിഷൻ പരിപാടികൾ ലഭ്യമാക്കിയ സാറ്റലൈറ്റ് ഇൻസ്ട്രക്‌ഷണൽ ടെലിവിഷൻ എക്‌സ്‌പിരിമെന്റ് (സൈറ്റ്) പദ്ധതിയുടെ (1975-76) വിജയത്തിലും നിർണായക പങ്ക് വഹിച്ചു.