ആക്കുളം കണ്ണാടിപ്പാലം തുറന്നു, ഇനി ആകാശത്ത് കൂടി നടക്കാം
തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ നിർമ്മിച്ച കണ്ണാടിപ്പാലം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കായി തുറന്നു. സർക്കാർ ചുമതലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്.
പ്രവേശന ഫീസ് മുതിർന്നവർക്ക് 200 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ്. 50 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള കണ്ണാടിപ്പാലത്തിൽ ഒരു സമയം 20 പേർക്ക് കയറാൻ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്നുള്ള വിദഗ്ദ്ധരടങ്ങിയ സാങ്കേതിക സമിതി പരിശോധിച്ച് പ്രവർത്തനാനുമതി നൽകിയ ശേഷമാണ് ഉദ്ഘാടനം നടന്നത്.
തിരുവനന്തപുരം ഡി.ടി.പി.സിയുമായി സഹകരിച്ച് വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് എന്റർപ്രണേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (വൈബ്കോസ്) കണ്ണാടിപ്പാലം നിർമ്മിച്ചത്. എ.എ.റഹീം എം.പി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.