പൊലീസ് വാഹനം തടഞ്ഞും പാത്രം കൊട്ടിയും ആശമാരുടെ പ്രതിഷേധം

Thursday 23 October 2025 3:25 AM IST

തിരുവനന്തപുരം: ആശാവർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥ. പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റിക്കും വിധമായിരുന്നു മാർച്ച് കലുഷിതമായത്. എട്ട് മാസമായി തങ്ങൾ നേരിടുന്ന അവഗണനയ്ക്ക് ശാശ്വത പരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെട്ടേ തീരൂ എന്ന വാശിയിലായിരുന്നു ആശമാർ. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ബലം പ്രയോഗിച്ചു.ഇതിനിടെ അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിന്റെ വയറ്റിൽ പൊലീസ് ലാത്തികൊണ്ട് കുത്തിയതായും,വൈസ് പ്രസിഡന്റ് എസ്.മിനിയുടെ വസ്ത്രം വലിച്ചുകീറിയതായും സമരക്കാർ ആരോപിച്ചു. മൈക്ക് പിടിച്ചെടുത്തതോടെയാണ് സമരക്കാർ പ്രകോപിതരായത്.

പിടിച്ചെടുത്ത മൈക്കും സ്പീക്കറും പൊലീസ് വാഹനത്തിലേക്ക് കയറ്റിയെങ്കിലും വാഹനത്തിന്റെ ഡോർ അടയ്ക്കാൻ സമരക്കാർ അനുവദിച്ചില്ല. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഇവ കൊണ്ടുപോയത്.

പൊലീസ്‌ ജീപ്പിന് മുന്നിൽ കിടന്ന്‌ സമരം ചെയ്‌ത ആശമാരെ നീക്കാൻ പൊലീസിന് പണിപ്പെടേണ്ടി വന്നു. കേരള ആശ ഹെൽത്ത്‌ വർക്കേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ആശമാരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിലേക്കുള്ള മാർച്ചിൽ പങ്കെടുത്തത്‌.

രാവിലെ 10.30ന്‌ പി.എം.ജി ജംഗ്ഷനിൽ ഒത്തുച്ചേർന്ന ആശമാർക്ക്‌ പിന്തുണയുമായി ജോസഫ്‌.സി.മാത്യു,പരിസ്ഥിതി പ്രവർത്തകൻ എൻ.സുബ്രഹ്മണ്യൻ,ആർ.എസ്‌.പി നേതാവ്‌ ഷിബു ബേബി ജോൺ,ബി.ജെ.പി നേതാവ്‌ വി.വി.രാജേഷ്‌,എം.പി മത്തായി തുടങ്ങിയവരും ചെങ്ങറ,വിളപ്പിൽശാല സമരനേതാക്കളും എത്തിയിരുന്നു.

ക്ലിഫ്‌ ഹൗസിലേക്കുള്ള പ്രകടനം നന്തൻകോട് ജംഗ്ഷന് സമീപം പൊലീസ് ബാരിക്കേഡ് വച്ച്‌ തടഞ്ഞു.തുടർന്ന്‌ പ്രതിഷേധക്കാർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കുകയും ബാനർ ഉയർത്തുകയും ചെയ്തു. പലതവണ സമരക്കാർക്കു നേരെ പൊലീസ്‌ ജലപീരങ്കി പ്രയോഗിച്ചു. സമരസമിതി നേതാക്കളായ എം.എ.ബിന്ദു,എസ്‌.മിനി,ഉഷ ഉഴമലയ്‌ക്കൽ,ബീന പീറ്റർ,തങ്കമണി,ഗിരിജ,ജിതിക,മീര,ലക്ഷ്മി.ആർ.ശേഖർ തുടങ്ങിയവരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു നീക്കി. ഇതിനെതിരെ കഞ്ഞി കുടിക്കുന്ന പാത്രം കൊട്ടിയായിരുന്നു ആശമാരുടെ പ്രതിഷേധം.സ്ഥിതി വഷളായതോടെ കൂടുതൽ വനിത പൊലീസിനെ രംഗത്തിറക്കി.പൊലീസ്‌ പലതവണ അനുനയത്തിന്‌ ശ്രമിച്ചെങ്കിലും സമരം അവസാനിപ്പിക്കാൻ ആശമാർ തയാറായില്ല.മുഖ്യമന്ത്രിയെ കാണുംവരെ സമരം തുടരുമെന്ന്‌ നിലപാട് കടുപ്പിച്ചു.

രാഷ്‌ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്‌ സുരക്ഷയൊരുക്കേണ്ട സാഹചര്യമുള്ളതിനാൽ പൊലീസ് പ്രതിരോധത്തിലായി. തുടർന്ന് മുഖ്യമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് പൊലീസ്‌ സമരനേതാക്കളെ അറിയിച്ചു. തുടർന്നാണ് ആശമാർ സമരം പിൻവലിക്കാൻ തയ്യാറായത്.