ലുവ്രിന് നഷ്ടം 8.8 കോടി യൂറോ

Thursday 23 October 2025 7:20 AM IST

പാരീസ്: പാരീസിലെ ലുവ്ര് മ്യൂസിയത്തിൽ നിന്ന് ഞായറാഴ്ച മോഷ്ടാക്കൾ കവർന്നത് 8.8 കോടി യൂറോയുടെ ( 8,94,88,96,000 രൂപ) അമൂല്യ ആഭരണങ്ങളെന്ന് ഫ്രാൻസ്. എട്ട് രാജകീയ ആഭരണങ്ങളുമായാണ് മോഷ്ടാക്കൾ കടന്നത്. പാരീസ് പബ്ലിക് പ്രോസിക്യൂട്ടറാണ് ഇന്നലെ കണക്ക് പുറത്തുവിട്ടത്. നിലവിലെ വിപണി മൂല്യമാണിതെന്നും ചരിത്ര പ്രാധാന്യം കണക്കാക്കുമ്പോൾ മൂല്യം ഇതിനും മുകളിലാണെന്നും അധികൃതർ വ്യക്തമാക്കി.

19-ാം നൂ​റ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്റെ (നെപ്പോളിയൻ) രണ്ടാം ഭാര്യ മേരി ലൂയി ചക്രവർത്തിനി, നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ യൂജിനി രാജ്ഞി, ലൂയീ ഫിലിപ്പ് ഒന്നാമന്റെ ഭാര്യ മരിയ അമേലിയ,നെപ്പോളിയന്റെ സഹോദര ഭാര്യ ഹോർട്ടെൻസ് രാജ്ഞി എന്നിവരുടെ ആഭരണങ്ങളുമായാണ് മോഷ്ടാക്കൾ കടന്നത്.

മരതക നെക്‌ലസ് - കമ്മൽ സെറ്റ്, ഇന്ദ്രനീല ടിയാര - നെക്‌ലസ് - കമ്മൽ സെറ്റ്, ഹെഡ് ബാൻഡ്, ബ്രൂച്ച്, അലങ്കാര ബോ എന്നിവയാണ് നഷ്ടപ്പെട്ടത്. നാല് മോഷ്ടാക്കളെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ലുവ്ര് ഡയറക്ടർ ലോറൻസ് ഡെസ് കാർസ് ഇന്നലെ ഫ്രഞ്ച് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. അതേസമയം,മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലുവ്ര് ഇന്നലെ സന്ദർശകർക്കായി വീണ്ടും തുറന്നു.