എച്ച് - 1 ബി വിസ: ഫീസിൽ വ്യക്തത വരുത്തി യു.എസ്
വാഷിംഗ്ടൺ: എച്ച് - 1 ബിയിലേക്കുള്ള വിസാ മാറ്റത്തിനോ, എച്ച് - 1 ബിയുടെ വിസാ കാലാവധി നീട്ടലിനോ അപേക്ഷിക്കുന്നവർക്ക് അടുത്തിടെ പ്രഖ്യാപിച്ച ഒരു ലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ) ഫീസ് ബാധകമല്ലെന്ന് യു.എസ്. എച്ച്- 1 ബി വർക്കർ വിസാ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളർ ഒറ്റത്തവണ ഫീസ് ഏർപ്പെടുത്തിയത് സെപ്തംബർ 21ന് പ്രാബല്യത്തിൽ വന്നിരുന്നു. നിലവിൽ സാധുവായ എച്ച്- 1 ബി വിസയുള്ളവർക്ക് ഫീസ് ബാധകമല്ല. എഫ്-1 വിദ്യാർത്ഥി വിസയിലുള്ളവർ രാജ്യം വിടാതെ എച്ച് - 1 ബി വിസയിലേക്കു മാറാൻ അപേക്ഷിക്കുമ്പോഴും നിരക്ക് ബാധകമല്ല. യു.എസിന് പുറത്തുള്ളവർക്ക് വേണ്ടിയുള്ള എച്ച് - 1 ബി അപേക്ഷയ്ക്ക് മാത്രമാണ് ഫീസ് നൽകേണ്ടതെന്നും അധികൃതർ അറിയിച്ചു. സെപ്തംബർ 21ന് സമർപ്പിച്ച അപേക്ഷകൾക്കും ഫീസ് ബാധകമല്ല. അതേ സമയം, എച്ച് - 1 ബിയിലേക്ക് വിസാ മാറ്റത്തിന് അപേക്ഷിക്കുന്നവർക്ക് നിശ്ചിത യോഗ്യത ഇല്ലെങ്കിൽ പുതിയ ഫീസ് ഈടാക്കും.