പൊലീസും ഗുണ്ടാസംഘവും ഏറ്റുമുട്ടി; ഡൽഹിയിൽ നാല് കൊടുംക്രിമിനലുകൾ കൊല്ലപ്പെട്ടു

Thursday 23 October 2025 9:10 AM IST

ഡൽഹി: ഡൽഹി രോഹിണിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഗുണ്ടകൾ കൊല്ലപ്പെട്ടു. രഞ്ജൻ പഥക് (25), ബിംലേഷ് മഹ്‌തോ (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ ബഹാദൂർ ഷാ മാർഗിലെ ഡോ. അംബേദ്കർ ചൗക്കിനും പൻസാലി ചൗക്കിനും ഇടയിൽ പുലർച്ചെ 2:20 ഓടെയാണ് ഏറ്റുമുട്ടൽ നടന്നത്.

രഞ്ജൻ പഥക്, ബിംലേഷ് മഹ്‌തോ, മനീഷ് പഥക് എന്നിവർ ബീഹാർ സ്വദേശികളാണ്. അമൻ താക്കൂർ ഡൽഹിയിലെ കർവാൾ നിവാസിയാണ്. ബീഹാറിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് ഇവരെല്ലാം. വരാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അലങ്കോലമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. തുടർന്നാണ് ഡൽഹി - ബീഹാർ പൊലീസ് സേന നടത്തിയ സംയുക്ത ഓപ്പറേഷൻ നടത്തിയത്.

'ബീഹാറിൽ നിരവധി കൊലപാതകങ്ങളും കവർച്ചകളും ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതികളായിരുന്നു നാല് പേരും. കൂടുതൽ അന്വേഷണം നടന്നുവരുന്നു,' - അധികൃതർ അറിയിച്ചു.