'മന്ത്രം ചൊല്ലിയാൽ പണം പറന്നെത്തും'; സന്യാസി വേഷത്തിൽ വൻ തട്ടിപ്പ്, ലക്ഷങ്ങൾ നഷ്ടമായി

Thursday 23 October 2025 9:40 AM IST

ബംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സന്യാസി വേഷത്തിൽ വൻ തട്ടിപ്പ്. ഒരു ലക്ഷം രൂപ നൽകിയാൽ പത്തുലക്ഷം രൂപ തിരികെ നൽകുമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിരവധി പേർക്ക് പണം നഷ്ടമായി. പണം ഇരട്ടിയാക്കാൻ പൂജകൾ വേണമെന്ന് പറഞ്ഞാണ് ഇരകളെ സമീപിക്കുക.

തുടർന്ന് പ്രത്യേകം ഒരുക്കിയ മുറിയിലേക്ക് ഇവരെ വിളിച്ചുവരുത്തി പൂജകൾ ചെയ്യും. പൂജയുടെ അവസാനം മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വീഴുകയും ചെയ്യും. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

ഒരു ലക്ഷം നൽകുന്നവർക്ക് 10 ലക്ഷം നൽകിയെങ്കിലും അത് കള്ളനോട്ടായിരുന്നു. മുറിക്ക് പിന്നിൽ സെറ്റ് ചെയ്തിരിക്കുന്ന യന്ത്ര സഹായത്തോടെയാണ് പണം പറത്തുന്നത്. തട്ടിപ്പ് മനസിലാക്കിയ നാട്ടുകാർ പ്രതികളുടെ സംഘത്തിലെ ഒരാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ പൊലീസ് കെെക്കൂലി വാങ്ങി ഇയാളെ രക്ഷപ്പെടുത്തിയെന്നും നാട്ടുകാർ ആരോപിച്ചു. പക്ഷേ പൊലീസിനും ലഭിച്ചത് കള്ളനോട്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.