ചെറുപാക്കറ്റുകൾ നിറച്ച ബോട്ട് ചീറിപ്പായുന്നു, പൊടുന്നനെ പൊട്ടിത്തെറി, കടലിലൊഴുക്കിയത് കോടികളുടെ മയക്കുമരുന്ന്
വാഷിംഗ്‌ടൺ: കിഴക്കൻ പസഫിക്ക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തുസംഘത്തിന്റെ ബോട്ടിനുനേരെ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കരീബിയൻ മേഖലയിൽ മയക്കുമരുന്ന് കടത്തുകാരുടെ ബോട്ടുകൾക്കും കപ്പലുകൾക്കും നേരെ അമേരിക്ക പലതവണ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും പസഫിക്ക് സമുദ്രത്തിൽ ആദ്യമായാണ് ആക്രമണം നടത്തുന്നതെന്നാണ് റിപ്പോർട്ട്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആക്രമണം സ്ഥിരീകരിച്ചു. 'മയക്കുമരുന്ന് കള്ളക്കടത്ത് നടക്കുന്നതായും സമുദ്രത്തിലൂടെയാണ് ഇത് കൊണ്ടുപോകുന്നതെന്നും ഞങ്ങളുടെ ഇന്റലിജൻസ് വ്യക്തമായി മനസിലാക്കി. തുടർന്നാണ് ആക്രമണം നടത്തിയത്. മയക്കുമരുന്ന് കടത്തുകാരായ മൂന്നുപേർ കൊല്ലപ്പെട്ടു'-.പീറ്റ് ഹെഗ്‌സെത്ത് എക്സിൽ കുറിച്ചു. മയക്കുമരുന്ന് കടത്തിനെതിരെ പ്രസിഡന്റ് ഡാെണാൾഡ് ട്രംപ് ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണം. ഇതിന്റെ വീഡിയോയും പുറത്തുവിട്ടുണ്ട്.
തവിട്ടുനിറത്തിലുള്ള ചെറുപാക്കറ്റുകൾ നിറച്ച ഒരു ബോട്ട് വെള്ളത്തിന് മുകളിലൂടെ നീങ്ങുന്നതും അല്പം കഴിഞ്ഞതോടെ തീപിടിച്ച് പൊട്ടിത്തെറിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അന്താരാഷ്ട്ര ജലാശയത്തിലാണ് ആക്രമണം നടത്തിയതെന്നും അമേരിക്കൻ സൈന്യത്തിലെ ആർക്കും പരിക്കില്ലെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.
മയക്കുമരുന്ന് കടത്തുകാർക്കെതിരായ യുദ്ധത്തെ ഭീകരതയ്ക്ക് എതിരായ യുദ്ധമായാണ് അമേരിക്ക കണക്കാക്കുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ തുടർന്നും ഉണ്ടാവുമെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി. അതിർത്തിയിൽ പരിശോധന ശക്തമാക്കിയതോടെ അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് കാര്യമായി കുറഞ്ഞിട്ടുണ്ട്.