13കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജീവനൊടുക്കി; സംഭവം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ

Thursday 23 October 2025 10:05 AM IST

അമരാവതി: 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ കാക്കിനട ജില്ലയിലാണ് സംഭവം. തതിക്ക നാരായണ റാവുവാണ് ജീവനൊടുക്കിയത്. ജഗന്നാധഗിരി ഗുരുകുലത്തിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇയാൾ അറസ്റ്റിലായത്. കോമാട്ടി ചേരുവിലുള്ള തടാകത്തിൽ ചാടിയാണ് ഇയാൾ മരിച്ചതെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രി നാരായണ റാവുവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രാത്രി ഏകദേശം 10.30ഓടെ തൂണി നഗരത്തിന് പുറത്തുള്ള കോമാട്ടി ചേരുവ് എന്ന സ്ഥലത്തിനടുത്ത് വച്ച് ശുചിമുറിയിൽ പോകാനായി വാഹനം നിർത്തണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു.

പൊലീസ് വാഹനം നിർത്തിയ ഉടൻ തന്നെ ഇയാൾ തടാകത്തിലേക്ക് ചാടുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ റാവുവിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.