75 ശതമാനം അഗ്നിവീറുകളെ നിലനിറുത്താനുള്ള ആലോചനയുമായി സൈന്യം, തീരുമാനം ഉടൻ
ന്യൂഡൽഹി: കൂടുതൽ അഗ്നിവീറുകളെ നിലനിറുത്താനുള്ള നീക്കവുമായി സൈന്യം. നാലുവർഷമെന്ന സേവനകാലാവധി തികച്ച അഗ്നിവീറുകളിൽ 25 ശതമാനംപേരെ സൈന്യത്തിൽ നിലനിറുത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഇത് 75 ശതമാനംവരെ ഉയർത്തിയേക്കുമെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ടുചെയ്യുന്നത്.
ജയ്‌സാൽമീറിൽ ഇന്ന് ആരംഭിക്കുന്ന ആർമി കമാൻഡേഴ്സ് കോൺഫറൻസിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യബാച്ച് അഗ്നിവീറുകളുടെ സേവനകാലാവധി അടുത്തവർഷമാണ് പൂർത്തിയാകുന്നത്. ആർമി കമാൻഡേഴ്സ് കോൺഫറൻസ് അജണ്ടയിൽ മിഷൻ സുദർൻ ചക്രയുടെ അവലോകനം, മൂന്ന് സേനാവിഭാഗങ്ങളും യോജിച്ച് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടികൾ എന്നിവയും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഓപ്പറേഷൻ സിന്ദൂറിനുശേഷം നടക്കുന്ന ആദ്യത്തെ ആർമി കമാൻഡേഴ്സ് കോൺഫറൻസാണ് ഇന്നത്തേത്. രാജ്യത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യങ്ങളുടെ അവലോകനം, ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനുള്ള പ്രധാന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും കോൺഫറൻസിൽ ചർച്ച നടക്കും. വിമുക്ത ഭടന്മാരുടെ അനുഭവസമ്പത്തും കഴിവും പ്രയാേജനപ്പെടുത്താനുള്ള വഴികളും സൈന്യത്തിന്റെ ആലോചനയിലുണ്ട്. തീരെ പരിമിതമായ ചുമതലകൾ മാത്രമാണ് ഇപ്പോൾ വിമുക്തഭടന്മാർക്ക് നൽകുന്നത്. ഇത്തരം ചുമതലകൾ മാത്രമല്ലാതെ അവർക്ക് സേനാവിഭാഗങ്ങൾക്കിടയിൽ കാര്യമായ പങ്കാളിത്തം നൽകുന്നതിനെക്കുറിച്ചും കോൺഫറൻസിൽ ചർച്ചയുണ്ടാവും എന്നാണ് റിപ്പോർട്ട്.
അതേസമയം, കൂടുതൽ അഗ്നിവീറുകളെ സൈന്യത്തിൽ നിലനിറുത്താൻ തീരുമാനിച്ചാൽ അത് കേന്ദ്രസർക്കാരിന് ബോണസ് മാർക്കാവും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അഗ്നിവീർ വിഷയം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപിക്ക് സീറ്റ് കുറയുന്നതിന് ഇടയാക്കിയിരുന്നു. പുതിയ തീരുമാനം ഉണ്ടായാൽ യുവജനങ്ങളുടെ ആ എതിർപ്പിനെ മറികടക്കാം എന്നാണ് കരുതുന്നത്.