ഓരോ ടേബിളിലും ലക്ഷങ്ങളുടെ ബിൽ; ഒരു രാത്രി സമ്പാദിക്കുന്നത് മൂന്ന് കോടി, ശിൽപ ഷെട്ടിയുടെ ഈ ബിസിനസ് ഞെട്ടിക്കും

Thursday 23 October 2025 3:38 PM IST

ഒരുകാലത്ത് ബോളിവുഡ് സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരറാണിയാണ് നടി ശിൽപ ഷെട്ടി. ഇന്ന് റിയാലിറ്റി ഷോ ജഡ്‌ജായും ഫിറ്റ്‌നസ് പ്രമോട്ടറായും താരം സജീവമാണ്. അഭിനയത്തിനും നൃത്തത്തിനും പുറമെ ബിസിനസിലും നടി മുൻപന്തിയിലുണ്ട്. മുംബയ് ദാദർ വെസ്റ്റിലെ കോഹിനൂർ സ്‌ക്വയറിന്റെ 48ാം നിലയിലുള്ള 'ബസ്‌തിയാൻ' എന്ന ആഡംബര ഹോട്ടലിന്റെ ഉടമയാണ് നടി. താരവിവാഹങ്ങൾ നടക്കാറുള്ള ആഡംബര ഹോട്ടൽ സെലിബ്രിറ്റികളുടെ മക്കളുടെ പ്രിയപ്പെട്ട ഇടത്താവളം കൂ‌‌ടിയാണ്. ഇപ്പോഴിതാ ശിൽപ ഷെട്ടിയുടെ ആഡംബര റെസ്റ്റോറന്റ് ബ്രാൻഡിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകയായ ബർഖ ദത്തുമായുള്ള അഭിമുഖത്തിൽ എഴുത്തുകാരി ശോഭ ഡേ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്.

ഒരു രാത്രി മാത്രം ബസ്‌തിയാന്റെ വരുമാനം 2-3 കോടി രൂപയാണെന്നാണ് ശോഭ ഡേ വെളിപ്പെടുത്തിയത്. 'മുംബയിലെ പണത്തിന്റെ അളവ് അതിശയിപ്പിക്കുന്നതാണ്. മുംബയിലെ ഒരു റെസ്റ്റോറന്റിന് ഒരു രാത്രിയിൽ 2- 3 കോടി രൂപയുടെ വിറ്റുവരവുണ്ട്. ആഴ്‌ചകളിൽ വിറ്റുവരവ് രണ്ട് കോടി രൂപയും വാരാന്ത്യങ്ങളിൽ മൂന്ന് കോടി രൂപയുമാണ്. ഇക്കാര്യം കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ തന്നെ നേരിട്ട് മനസിലാക്കാൻ ഞാൻ അവിടേയ്ക്ക് പോയി. അവിടേയ്ക്ക് പോയാൽ ഞാൻ എവിടെയാണ് എത്തിപ്പെട്ടതെന്ന് സ്വയം ചോദിച്ചുപോകും. നഗരത്തിന്റെ 360 ഡിഗ്രി കാഴ്‌ച അവിടെനിന്ന് ലഭിക്കും'- എഴുത്തുകാരി പറഞ്ഞു.

'ഞാൻ അമ്പരപ്പിലായി. അവിടെയുണ്ടായിരുന്ന 700 അതിഥികളിൽ ഒരാളെപ്പോലും എനിക്കറിയില്ലായിരുന്നു. ചെറുപ്പക്കാരായിരുന്നു അവർ. ഓരോ മേശകളിലും ഏറ്റവും മിക്ക തെക്വില ബോട്ടിലുകളാണ് ഓർഡർ ചെയ്തത്. ഓരോ മേശയിലും ലക്ഷങ്ങളാണ് ചെലവഴിക്കപ്പെട്ടത്'- ശോഭ ഡേ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വാണിജ്യ കെട്ടിടങ്ങളിലൊന്നാണ് കോഹിനൂർ സ്‌‌ക്വയർ. 21,000 ചതുരശ്ര അടി വിസ്തൃതിയിലാണ് റെസ്റ്റോറന്റ് വ്യാപിച്ചുകിടക്കുന്നത്. ദിവസേന 1400 പേർക്കാണ് അവിടെ ഭക്ഷണവും മറ്റും വിളമ്പുന്നത്. ആഡംബര കാറിലെത്തുന്ന ഇവർക്ക് റെസ്റ്റോറന്റിൽ ഇരിപ്പിടം ലഭിക്കാനായി ഏറെനേരം കാത്തിരിക്കാനും മടിയില്ല.

രഞ്ജീത് ബിന്ദ്രയുടെ ഉടമസ്ഥതയിലായിരുന്ന ബാസ്‌തിയാൻ 2016ലാണ് തുറന്നത്. 2019ൽ ശിൽപ്പ ഷെട്ടി ഹോട്ടലിന്റെ 50 ശതമാനം ഓഹരി സ്വന്തമാക്കി. ശേഷം ബാസ്‌തിയാനെ ആഡംബര ഹോട്ടലാക്കി മാറ്റുകയായിരുന്നു. മുംബയ് നഗരത്തെ മുഴുവനായും കാണാൻ സാധിക്കുമെന്നതാണ് ഹോട്ടലിന്റെ സവിശേഷതകളിലൊന്ന്. കഴിഞ്ഞ ആഴ്ച, ശിൽപ ഷെട്ടി ഗോവയിൽ ഒരു പുതിയ ബസ്‌തിയാൻ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ജൂഹുവിൽ ഒരു ബസ്‌തിയാൻ ബീച്ച് ക്ലബ് ഉടൻ തുറക്കുമെന്നാണ് വിവരം.