അണ്ഡാശയ ക്യാൻസർ: പ്രതിരോധവും വസ്തുതയും
ഗര്‍ഭപാത്രത്തിന്റെ ഇരുവശങ്ങളിലും കാണുന്ന പ്രത്യുല്‍പാദന അവയവങ്ങളെ ബാധിക്കുന്നതാണ് അണ്ഡാശയ അര്‍ബുദം. സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദ രോഗങ്ങളില്‍ മരണസാദ്ധ്യത കൂടുതല്‍ ഉള്ളത് അണ്ഡാശയ അര്‍ബുദത്തിനാണ്.
പാരമ്പര്യ രോഗമാണോ?
സ്ത്രീകളില്‍ രക്തബന്ധത്തിലുള്ള മാറ്റാര്‍ക്കെങ്കിലും അണ്ഡാശയ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അല്ലാത്തവരെക്കാൾ രോഗസാദ്ധ്യത കൂടുതലാണ്. ജനിതക പരിശോധനയില്‍ BRCA 1 അല്ലെങ്കില്‍ 2 ജീനുകളില്‍ ജനിതക വ്യതിയാനം ഉണ്ടെന്ന് കണ്ടുപിടിച്ചാല്‍ സ്തനാര്‍ബുദവും അണ്ഡാശയ അര്‍ബുദവും ബാധിക്കുന്നതിനുള്ള സാദ്ധ്യത 15 മുതല്‍ 40% വരെ കൂടുതലാണ്. എന്നിരുന്നാലും എല്ലാ സ്ത്രീകളിലും രോഗസാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല.
അപകട സാദ്ധ്യതാ ഘടകങ്ങള്‍ എന്തൊക്കെ?
1. പ്രായം - ഏത് പ്രായക്കാരിലും രോഗം ബാധിക്കാമെങ്കിലും 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് കൂടുതലായും കണ്ടുവരുന്നത്.
2. ജനിതക പ്രവണത - BRCA 1, 2 ജീനുകളുടെ ജനിതക വ്യതിയാനം ഉള്ള സ്ത്രീകളില്‍ രോഗസാദ്ധ്യത വളരെ കൂടുതലാണ്.
3. പാരമ്പര്യം - സ്ത്രീകളില്‍ രക്തബന്ധത്തിലുള്ള മാറ്റാര്‍ക്കെങ്കിലും സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, കുടലിലെ അര്‍ബുദം എന്നിവ ഉണ്ടെങ്കില്‍
4. മറ്റു അപകട സാദ്ധ്യതാ ഘടകങ്ങള്‍ - Endometriosis, നേരത്തെ വയസ്സറിയിച്ചവര്‍, വൈകിയുള്ള ആര്‍ത്തവ വിരാമം, പ്രസവിക്കാത്തവര്‍ എന്നീ അവസ്ഥകള്‍ ഉണ്ടെങ്കില്‍ അര്‍ബുദ ബാധക്ക് സാദ്ധ്യത കൂടുതലാണ്.
സാദ്ധ്യത കുറയ്ക്കുന്നതെങ്ങനെ?
1. അഞ്ചോ അതില്‍ കൂടുതല്‍ വര്‍ഷമോ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ രോഗസാദ്ധ്യത കുറയുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
2. ഒന്നോ ഒന്നില്‍ കൂടുതലോ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അവരെ മുലയൂട്ടുന്ന സ്ത്രീകളില്‍ രോഗം സാദ്ധ്യത കുറയുന്നു. 3. ഫല്ലോപ്പിയന്‍ ട്യൂബില്‍ ലൈഗേഷന്‍, ട്യൂബക്ടമി പോലുള്ള ശസ്ത്രക്രിയ ചെയ്തവരില്‍ രോഗസാദ്ധ്യത കുറവാണ്.
4. പാരമ്പര്യമായി BRCA 1, 2 ജനിതക വ്യതിയാനമുള്ള സ്ത്രീകളില്‍ പ്രസവത്തിന് ശേഷം 35 വയസ് പൂര്‍ത്തിയായതിന് ശേഷം പ്രതിരോധ മാര്‍ഗ്ഗമായി ഇരു ഫല്ലോപ്പിയന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് രോഗസാദ്ധ്യത കുറയ്ക്കുന്നു.
ഫലപ്രദമായ സ്‌ക്രീനിംഗ് മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണോ?
അണ്ഡാശയ കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനുള്ള ഫലപ്രദമായ സ്‌ക്രീനിംഗ് മാര്‍ഗം നിലവിലില്ല. എന്നിരുന്നാലും പാരമ്പര്യമായി രോഗസാദ്ധ്യതയുള്ള സ്ത്രീകള്‍ 30 വയസിനു ശേഷം 6 മാസം കൂടുമ്പോള്‍ അള്‍ട്രാസൗണ്ട്, സി എ 125 എന്ന ട്യൂമര്‍ മാര്‍ക്കര്‍ ടെസ്റ്റ് മുതലായ പരിശോധനകള്‍ ചെയ്യേണ്ടതാണ്. പാപ് സ്മിയര്‍ പരിശോധനയിലൂടെ അണ്ഡാശയ അര്‍ബുദം കണ്ടെത്താന്‍ സാധിക്കില്ല.
രോഗലക്ഷണങ്ങള്‍
വളരെ വൈകി മാത്രം കണ്ടെത്താന്‍ സാധിക്കുന്ന രോഗമായതിനാല്‍ അണ്ഡാശയ രോഗത്തെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ മറ്റു രോഗങ്ങളോടും സാമ്യമുള്ളതിനാല്‍ തെറ്റായി വ്യാഖ്യാനിക്കാന്‍ സാദ്ധ്യതയുണ്ട്.
· വയര്‍ വീര്‍ത്തിരിക്കുക · ഭക്ഷണം വളരെ കുറച്ച് കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക · ഇടയ്ക്കിടെ മൂത്രമൊഴിക്കുക · അടിവയര്‍ വേദന · നടുവ് വേദന · മലബന്ധം · ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വേദന അനുഭവപ്പെടുക · അസാധാരണമായ രക്തസ്രാവം ഉണ്ടാവുക
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് അണ്ഡാശയ അര്‍ബുദം തന്നെ ആകണമെന്നില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ ഉടലെടുക്കുകയോ സ്ഥിരമായി 2 - 3 ആഴ്ചയോളം നീണ്ടുനില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ ഉടന്‍ തന്നെ വിദഗ്‌ദ്ധോപദേശം തേടുക. അണ്ഡാശയ കാന്‍സര്‍ ആണെന്ന സംശയമുണ്ടെങ്കില്‍ ശാസ്ത്രക്രിയയ്ക്ക് മുമ്പായി ഒരു ഗൈനക്കോളജിക് ഓങ്കോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്യുക.
രോഗനിര്‍ണയം
അള്‍ട്രാസൗണ്ട് സ്‌കാന്‍ ആണ് ആദ്യപടിയായിട്ടുള്ള പരിശോധന. അതിനുശേഷം ആവശ്യമെങ്കില്‍ CA 125, CEA മുതലായ രക്ത പരിശോധനകള്‍ നടത്തേണ്ടതായിട്ടുണ്ട്. MRI സ്‌കാന്‍, CT സ്‌കാന്‍ എന്നീ പരിശോധനകളിലൂടെ ഏതു തരത്തിലുള്ള അണ്ഡാശയ മുഴയാണെന്നും അര്‍ബുദം ആണെങ്കില്‍ ഏത് ഘട്ടത്തിലാണെന്നും മനസിലാക്കാന്‍ സാധിക്കും.
ചികിത്സാ രീതികള്‍
ശസ്ത്രക്രിയയും Chemotherapy യുമാണ് പ്രധാന ചികിത്സാ മാര്‍ഗ്ഗം. രോഗത്തിന്റെ ഘട്ടം അനുസരിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ചികിത്സ നടത്തേണ്ടത്. രോഗം തിരിച്ചു വരാതിരിക്കാന്‍ സഹായിക്കുന്ന ഗുളികകള്‍ (Targeted therapy) ശസ്ത്രക്രിയയ്ക്കും chemotherapy ക്കും ശേഷം നല്‍കി വരുന്നത് നൂതന രീതിയാണ്.
പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുമോ?
കാന്‍സറിന്റെ തരവും ഘട്ടവും അനുസരിച്ചാണ് രോഗശാന്തി. പ്രായം കുറഞ്ഞ സ്ത്രീകളില്‍ കാണുന്ന 'Germ cell cancer' പോലുള്ളവ ചികിത്സിച്ച ഭേദമാക്കാന്‍ സാധിക്കും. മറ്റുള്ളവ, രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ആണെങ്കില്‍ കൃത്യമായ ചികിത്സയിലൂടെ രോഗശാന്തി സാധ്യമാണ്.
ചികിത്സയ്ക്ക് ശേഷം ഗര്‍ഭധാരണവും പ്രസവവും സാദ്ധ്യമോ?
അണ്ഡാശയ കാന്‍സര്‍ പല തരത്തിലുണ്ട്. അതില്‍ പ്രായം കുറഞ്ഞ സ്ത്രീകളില്‍ കാണുന്ന ചില തരം അണ്ഡാശയ കാന്‍സറിന് ചികിത്സാ വേളയില്‍ രോഗം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്തുകൊണ്ട് പ്രത്യുല്‍പാദനക്ഷമത സംരക്ഷിക്കാന്‍ സാധിക്കുന്നു. രോഗിക്ക് കീമോതെറാപ്പി ആവശ്യമായി വന്നാല്‍ അതിനു ശേഷം നിര്‍ദിഷ്ട കാലയളവിന് ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം ഉണ്ടാകും. നിങ്ങളുടെ ഗൈനക്കോളജിക്കല്‍ ഒങ്കോളജിസ്റ്റുമായി സംസാരിക്കുന്നതിലൂടെ ഗര്‍ഭധാരണത്തിനുള്ള സാദ്ധ്യതകളെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
രോഗത്തെപ്പറ്റി പൂര്‍ണ്ണമായ അവബോധം ഉണ്ടാകുന്നതിലൂടെ രോഗശാന്തി നേടുന്നത് വരെയുള്ള കാലയളവില്‍ ആത്മധൈര്യം ലഭിക്കുന്നു.
Dr. Anjana J. S. Consultant Gynecological Oncologist Sut Hospital, Pattom